Asianet News MalayalamAsianet News Malayalam

റിപ്പോർട്ട് 'അമ്മ'ക്കെതിരല്ല, ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പം; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ്

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Association of Malayalam Movie Artists AMMA break the silence on Hema Commitee Report general secretary Siddique response
Author
First Published Aug 23, 2024, 3:09 PM IST | Last Updated Aug 23, 2024, 3:31 PM IST

കൊച്ചി: സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‍ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. 

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2006 ൽ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. ഞങ്ങളുടെ പല അംഗങ്ങളെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതിൽ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും. 

Latest Videos
Follow Us:
Download App:
  • android
  • ios