മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസം എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകിപ്പിക്കുമെന്ന ആശങ്കയിൽ നടൻ ഹരി പത്തനാപുരം കോൺഗ്രസ് നേതൃത്വത്തോട് അഭ്യർത്ഥനയുമായി രംഗത്ത്.
കേരളത്തിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ എട്ടാം ദിവസവും വ്യക്തത വന്നിട്ടില്ല. ഇതിനെതിരെ വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നുണ്ട്. തതവസരത്തിൽ കോൺഗ്രസിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. എസ‍്എസ്എൽസി ഫലം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയുടെ പ്രതികരണം. തന്റെ മകൾ ഉൾപ്പടെയുള്ളവർ 15ന് റിസൾട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ വൈകുമെന്നാണ് അറിയാനായതെന്നും ഹരി പറയുന്നു. അങ്ങനെ വന്നാൽ കുട്ടികളിൽ വല്ലാത്ത മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകുമെന്നും ഹരി പത്തനാപുരം കോൺഗ്രസിനോടായി പറഞ്ഞു.

ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ
മുഖ്യമന്ത്രിയെ ഇന്നോ നാളയോ പ്രഖ്യാപിച്ചേക്കും. അത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ്. അവര്‍ മൃഗിയമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതവര്‍ തീരുമാനിക്കട്ടേ. കെസി വേണുഗോപാല്‍ ആണെങ്കിലും വിഡി സതീശന്‍ ആണെങ്കിലും രമേശ് ചെന്നിത്തല ആണെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അത് നമ്മുടെ മുഖ്യമന്ത്രിയാണ്. വളരെ ബുദ്ധിപൂര്‍വ്വം ജനകീയനായൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കട്ടേ എന്ന് ആശംസിക്കുന്നു. അതുവരെ കാത്തിരിക്കാം.
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നൊരു കാര്യം, എന്‍റെ മകള്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതിയിട്ട് നില്‍ക്കുകയാണ്. സ്റ്റേറ്റ് സിലബസില്‍. റിസള്‍ട്ട് 15ന് വരും എന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തത്. എന്‍റെ മകള്‍ക്ക് ഒരുപാട് കൂട്ടുകാരികളുണ്ട്. റിസള്‍ട്ട് അടുത്ത് വരുമ്പോള്‍ അവര്‍ക്ക് വലിയ ടെന്‍ഷനാണ്. മോളേ സംബന്ധിച്ച് ഒരാഴ്ചയായിട്ട് ആഹാരം കഴിക്കാന്‍ പറ്റുന്നില്ല,ഉറങ്ങാന്‍ പറ്റുന്നില്ല, ടെന്‍ഷനടിച്ച് പുറത്തോട്ട് പോലും ഇറങ്ങാതെ ഇരിക്കുന്നു. കുഞ്‍ഞുങ്ങള്‍ അനുഭവിക്കുന്ന വലിയ ടെന്‍ഷന്‍. റിസള്‍ട്ടുമായി ബന്ധപ്പെട്ട് മാനസികമായി വലിയൊരു സമ്മര്‍ദ്ദം അവര്‍ അനുഭവിക്കുന്നുണ്ട്. 15ന് റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്നൊരു പത്ര വാര്‍ത്ത കണ്ടു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല. അതുകൊണ്ട് റിസള്‍ട്ട് നീട്ടി വയ്ക്കേണ്ടി വരുമെന്ന്.
എനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാനുള്ളത്, മുന്‍പ് ഒരുതവണ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിട്ട് റിസള്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിക്കാന്‍ പറ്റിയാല്‍ കുട്ടികള്‍ക്ക് അത് നല്ലതാണ്. കാരണം ഇനിയും ഫലം വൈകിയാല്‍ അവര്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയും അതവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുകയും അസുഖം പോലും പിടിപെടാനുള്ള സാധ്യതയുമുണ്ട്. എന്‍റെ മകള്‍ അനുഭവിക്കുന്നത് കണ്ടത് കൊണ്ട് പറയുകയാണ് ദയവായി അങ്ങനെ ഒരു തീരുമാനം എടുത്താല്‍ നന്നായിരിക്കും.



