തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരം' ശബരിമലയിൽ ചിത്രീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് അണിയറപ്രവർത്തകർ കോടതിയെ സമീപിച്ചത്.
തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന അതിമനോഹരം സിനിമയുടെ ശബരിമല ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ ഹൈക്കോടതി അനുമതി. നിലക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താനാണ് കോടതി അനുമതി നൽകിയത്. നിബന്ധനകളോടെ അനുമതി ആകാം എന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. പെരിയാർ ടൈഗർ റിസേർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി., ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്ന ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.ഡിസംബർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


