ഫഹദിന്റേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം 'അതിരന്റെ' ടെലിവിഷന്‍ പ്രീമിയര്‍ നാളെ ഏഷ്യാനെറ്റില്‍. വൈകിട്ട് അഞ്ചിനാണ് പ്രദര്‍ശനം. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഏപ്രില്‍ 12നാണ് തീയേറ്ററുകളിലെത്തിയത്. 

ഫഹദിന്റെ നായികയായി സായ് പല്ലവിയാണ് അഭിനയിച്ചിരിക്കുന്നത്. നിത്യ ലക്ഷ്മി എന്ന കഥാപാത്രമായുള്ള സായ് പല്ലവിയുടെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രണ്‍ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, പ്രകാശ് രാജ്, ശാന്തി കൃഷ്ണ, ലെന, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോന്‍ എന്നിവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു.

പി എഫ് മാത്യൂസിന്റെ തിരക്കഥയില്‍ നവാഗതനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. സംഗീതം പി എസ് ജയ്ഹരി. പശ്ചാത്തലസംഗീതം ജിബ്രാന്‍.