Asianet News MalayalamAsianet News Malayalam

'1500 കോടി കളക്ഷന്‍ വരുന്ന പടം' ഉടന്‍? അടുത്തത് ഷാരൂഖ്- വിജയ് ചിത്രം ആയേക്കാമെന്ന് ആറ്റ്ലി

1143 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ജവാന്‍ നേടിയത്

atlee reveals his wish to do a shah rukh khan thalapathy vijay movie nsn
Author
First Published Nov 14, 2023, 11:37 AM IST

ബോളിവുഡ് അരങ്ങേറ്റം വന്‍ വിജയമാക്കാന്‍ സാധിച്ചതിന്‍റെ ആവേശത്തിലാണ് സംവിധായകന്‍ ആറ്റ്ലി. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിദാനം ചെയ്ത ജവാന്‍ ഈ വര്‍ഷം ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണ്. 1143 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. സംവിധാനം ചെയ്ത ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനായ വിജയ് ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്ന് ജവാന്‍ റിലീസിന് മുന്‍പ് കാര്യമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ഷാരൂഖും വിജയ്‍യും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാലാണ് ജവാനില്‍ വിജയ്‍യുടെ അതിഥിവേഷം ഒഴിവാക്കിയതെന്നും ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്‍റെ സാധ്യതകളെക്കുറിച്ച് അല്‍പം കൂടി വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.

സിനിമാരംഗത്ത് എനിക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ വിജയ് സാര്‍ ആണ്. കാരണം അദ്ദേഹത്തിനൊപ്പം മാത്രമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നത്. അദ്ദേഹമാണ് എന്‍റെ സര്‍വ്വകലാശാല. ജവാന്‍ ഷൂട്ടിംഗിനിടെ വന്ന എന്‍റെ പിറന്നാള്‍ ആഘോഷത്തിന് വിജയ് സാറിനെ ക്ഷണിച്ചിരുന്നു. ജവാന്‍ ആക്ഷന്‍ സീക്വന്‍സിന്‍റെ ചിത്രീകരണം ചെന്നൈയില്‍ നടക്കുന്ന സമയമായിരുന്നു. അതിനാല്‍ ഷാരൂഖ് സാറും പാര്‍ട്ടിക്ക് എത്തി. പാര്‍ട്ടിക്കിടെ ഷാരൂഖ് സാര്‍ എന്നോട് പറഞ്ഞു- എന്നെങ്കിലും രണ്ട് നായകന്മാരുള്ള ഒരു ചിത്രം ചെയ്യാന്‍ തോന്നിയാല്‍ ഞങ്ങള്‍ രണ്ടുപേരും റെഡിയാണ്. വിജയ് അണ്ണനും അതുതന്നെ പറഞ്ഞു. അത്തരമൊരു പ്രോജക്റ്റ് എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ രണ്ടുപേരും വിശ്വസിക്കുന്നു. അത്തരത്തിലൊരു സിനിമയ്ക്ക് ആവശ്യമായ കഥ തേടിക്കൊണ്ടിരിക്കുകയാണ് ഞാന്‍. ചിലപ്പോള്‍ അതുതന്നെ ആയേക്കാം എന്‍റെ അടുത്ത സിനിമ. നോക്കാം. ഞാന്‍ അതിനുവേണ്ടി ശ്രമിച്ചുനോക്കുകയാണ്, യുട്യൂബര്‍ ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ ആറ്റ്ലി പറഞ്ഞു.

നേരത്തെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ആറ്റ്ലിയുടെ ഒരു പ്രതികരണവും വാര്‍ത്തയായിരുന്നു. ജവാനില്‍ വിജയ്‍യുടെ അതിഥിവേഷം ഉണ്ടെന്ന് പ്രചരിച്ചിരുന്നുവെന്നും ഇരുവരും ഒരുമിച്ചെത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം സംഭവിക്കുമോ എന്നുമായിരുന്നു അവതാരകന്‍റെ ചോദ്യം. ആറ്റ്ലിയുടെ മറുപടി ഇങ്ങനെ- "നിങ്ങളുടെ ചോദ്യത്തിലുണ്ട് എന്‍റെ ഉത്തരം. അതുകൊണ്ടാണ് അദ്ദേഹത്തോട് ജവാനില്‍ ഒരു അതിഥിവേഷം ഞാന്‍ ആവശ്യപ്പെടാതിരുന്നത്. രണ്ട് പേരെയും മുന്നില്‍ കണ്ട് ഞാന്‍ ഒരു തിരക്കഥ എഴുതും. കരിയറില്‍ ഏറ്റവും മികച്ച വിജയങ്ങള്‍ നല്‍കിയത് അവര്‍ രണ്ടുപേരുമാണ്. ഒരു ദിവസം അത്തരമൊരു തിരക്കഥ സംഭവിക്കും. അവരെ രണ്ടുപേരെയും ഒരു ചിത്രത്തില്‍ അവതരിപ്പിക്കാന്‍ എനിക്ക് ഏറെ ആ​ഗ്രഹമുണ്ട്", ആറ്റ്ലി പറഞ്ഞിരുന്നു. അത്തരമൊരു ചിത്രം വന്നാല്‍ 1500 കോടി കളക്റ്റ് ചെയ്യുമെന്ന് പറയുന്ന അവതാരകനോട് അതിനേക്കാള്‍ വരുമെന്നായിരുന്നു സംവിധായകന്‍റെ മറുപടി. 

ALSO READ : 'നായകനെ തീരുമാനിച്ചിട്ടില്ല'; 'ഭീഷ്‍മപര്‍വ്വം' തിരക്കഥാകൃത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്‍ ചിത്രം വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios