റിലീസിന് ഒരാഴ്ച ശേഷിക്കെ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയി'മിന്റെ പ്രീ-റിലീസ് അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് കേരളത്തിലും മികച്ച പ്രതികരണം. ഈ മാസം 26ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ എത്തിയതിന് പിന്നാലെ വില്‍പനയും തകൃതിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന സെന്ററുകളിലെല്ലാം പ്രീ-ബുക്കിംഗിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

തിരുവനന്തപുരത്ത് പുലര്‍ച്ചെ ആറ് മണിക്കാണ് ആദ്യ പ്രദര്‍ശനങ്ങള്‍. നാല് തീയേറ്ററുകളിലായി ആദ്യദിനം 20 പ്രദര്‍ശനങ്ങള്‍. ഇതില്‍ ഏരീസ് പ്ലെക്‌സിലെ 6 മണി, 10 മണി പ്രദര്‍ശനങ്ങള്‍ ഇതിനകം തന്നെ ഹൗസ്ഫുള്‍ ആണ്. റിലീസ് ദിനത്തിലെ മറ്റ് പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുപൊയ്‌ക്കൊണ്ടിരിക്കുന്നു. മലയാളത്തിലെ സൂപ്പര്‍താരചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിമിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ഒരാഴ്ച മുന്‍പേ ലഭിക്കുന്നത്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഇരുപത്തിരണ്ടാമത്തേതും അവസാനത്തേതുമായ ഭാഗമാണ് അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തി, ഇന്ത്യയിലടക്കം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറി'ന്റെ ഡയറക്ട് സീക്വലാണ് എന്‍ഡ്‌ഗെയിം. റൂസോ ബ്രദേഴ്‌സിന്റെ സംവിധാനം ചെയ്ത് മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിക്കുന്നത് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്‌സ്.