മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍. പല തരത്തില്‍ പല ഭാവത്തില്‍ കഥാപാത്രങ്ങള്‍ ചെയ്‍ത നടൻ. മോഹൻലാലിന്റെ പഴയ സിനിമകള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. മോഹൻലാലിന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമായിരുന്നു ഗ്രാൻഡ് മാസ്റ്ററിലേത്. ഗ്രാൻഡ് മാസ്റ്റര്‍ റിലീസ് ചെയ്‍തിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ ചിത്രത്തിലെ ഒരു ഡയലോഗും ചേര്‍ത്ത് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ.

മോഹൻലാല്‍ സ്വന്തം ജീവിതത്തെ സൂചിപ്പിക്കുന്ന പോലെ ഒരു ഡയലോഗ് സിനിമയിലുണ്ടായിരുന്നു. എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല, അതിവിടെ എല്ലാവർക്കും അറിയാം എന്ന ആ ഡയലോഗ് എഴുതിയാണ് ബി ഉണ്ണികൃഷ്‍ണൻ ഗ്രാൻഡ് മാസ്റ്ററിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ കയ്യടക്കമുള്ള അഭിനയത്തെ എല്ലാവരും അഭിനന്ദിക്കുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖര്‍ ആയിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചെസ് പോലെയുള്ള നീക്കങ്ങളില്‍ നായകനും വില്ലനും നേര്‍ക്കുനേര്‍ വരുന്നതായിരുന്നു ചിത്രത്തിന്റ പേര് സൂചിപ്പിക്കുന്നത് പോലെ കഥാഘടനയും. ഫാമിലി ത്രില്ലര്‍. ആകാംക്ഷയുള്ള കഥയും തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം സിനിമയുടെ ആകര്‍ഷണങ്ങളായി മാറി.