ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തി വന്‍ ജനപ്രീതി നേടിയ 'സോള്‍ട്ട് ആന്റ് പെപ്പര്‍' എന്ന സിനിമയ്ക്ക് തുടര്‍ഭാഗം വരുന്നു. ചിത്രത്തില്‍ 'കുക്ക് ബാബു' എന്ന, കൈപ്പുണ്യമുള്ള പാചകക്കാരനെ അവതരിപ്പിച്ച ബാബുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്ലാക്ക് കോഫി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. സോള്‍ട്ട് ആന്റ് പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു അതിഥിതാരമായും എത്തും. രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കാളിദാസന്‍ പെണ്ണുകാണലിന് പോയ വീട്ടിലെ പാചകക്കാരനായിരുന്നു ബാബു. അന്ന് ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തിന്റെ രുചിയില്‍ ബാബുവിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിയ്ക്കുകയായിരുന്നു സോള്‍ട്ട് ആന്റ് പെപ്പറില്‍ കാളിദാസന്‍. എന്നാല്‍ ബ്ലാക്ക് കോഫിയില്‍ കാളിദാസനുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ് കുക്ക് ബാബു. നാല് യുവതികള്‍ താമസിക്കുന്ന ഒരു ഫ്‌ളാറ്റില്‍ പാചകക്കാരനായി വരുകയാണ് അയാള്‍.