തന്നെക്കാൾ കൂടുതലടുപ്പം നിഷച്ചേച്ചിയോട് എന്നും ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ അമ്മ പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടി. ബേബി അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാർത്ഥ പേര്. ആറു മാസം മാത്രം പ്രായം ഉള്ളപ്പോളാണ് അമേയ സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകർ അമേയയെ തങ്ങളുടെ സ്വന്തം പാറുക്കുട്ടിയായി ഏറ്റെടുക്കുകയായിരുന്നു. സീരിയൽ പ്രേക്ഷകർക്കിടയിലും സമൂഹമാധ്യമങ്ങളിലും പാറുക്കുട്ടിയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോളിതാ പാറുക്കുട്ടിയും പാറുവിന്റെ അമ്മയും ഒരുമിച്ചുള്ള പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

മകളെ അഭിനയിക്കാൻ വിടുന്നതിന്റെ പേരിൽ തങ്ങൾ ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്ന് അമേയയുടെ അമ്മ ഗംഗാ ലക്ഷ്‍മി പറയുന്നു. ''മകൾ ചെറിയ പ്രായം മുതൽ സമ്പാദിക്കാൻ തുടങ്ങി എന്നതിൽ സന്തോഷമേയുള്ളു. എന്നാൽ, കുഞ്ഞിനെ പണത്തിന് വേണ്ടി അഭിനയിപ്പിക്കുകയാണെന്ന് കരുതുന്നവരുമുണ്ട്. മോളുടെ പണം കൊണ്ട് ഞങ്ങൾ ജീവിക്കുന്നുവെന്ന തരത്തിൽ വിമർശനം വരാറുണ്ട്. ഞങ്ങൾ ജോലിയും മറ്റു പല കാര്യങ്ങളും ഉപേക്ഷിച്ചിട്ടാണ് മോളുടെ ഷൂട്ടിന് വേണ്ടി സമയം കണ്ടെത്തുന്നത്. മോൾക്ക് ഒരു വരുമാനം വരുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ, ആ പണത്തിന് വേണ്ടിയാണ് ഞങ്ങൾ മോളെ അഭിനയിപ്പിക്കാൻ വിടുന്നതെന്ന തരത്തിൽ കമന്റുകൾ വരുമ്പോൾ സങ്കടം തോന്നും'', വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ ഗംഗാ ലക്ഷ്‍മി പറഞ്ഞു.

''നാലര മാസം പ്രായമുള്ളപ്പോഴാണ് മോൾ ആദ്യത്തെ സീനിൽ അഭിനയിച്ചത്. ആ സീൻ ഞങ്ങൾക്ക് നല്ല ഓർമയുണ്ട്. ഏറ്റവും ഇഷ്ടമുള്ളതും ആ സീനാണ്. ഞങ്ങൾക്ക് ഈ മേഖലയെ കുറിച്ച് വലിയ അറിവൊന്നുമില്ല. അതുകൊണ്ട് തന്നെ ഒരു ആറ് മാസംനോക്കാമെന്ന് കരുതിയാണ് കുഞ്ഞിനെ അഭിനയിപ്പിക്കാൻ കൊണ്ടുചെന്നത്. മോൾക്ക് നല്ല കെയറും സപ്പോർട്ടും അവിടെ കിട്ടിയതുകൊണ്ടാണ് ഞങ്ങൾ ഈ ഫീൽ‌ഡിൽ തന്നെ തുടർന്നത്. ലൊക്കേഷനിൽ പത്ത് മണിക്ക് എത്തിയാൽ മതിയായിരുന്നു.

നാല് മണിക്ക് തിരികെ പോവുകയും ചെയ്യാം. കുഞ്ഞിന്റെ ഉറക്കം അടക്കം എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ്ങ്. ലൊക്കേഷനിൽ വെച്ച് ഒരു അസുഖം പോലും കുഞ്ഞിന് വന്നിട്ടില്ല. ഞാൻ എടുത്തതിനേക്കാൾ കൂടുതൽ നിഷ ചേച്ചിയാണ് പാറുവിനെ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവൾക്ക് നിഷ ചേച്ചിയോട് ഒരു ഇഷ്ട കൂടുതലുമുണ്ട്'', ഗംഗാ ലക്ഷ്‍മി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക