ഒടിടിയിലെ പ്രദര്‍ശനം നാല് ഭാഷകളില്‍

ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ കന്നഡ സിനിമയില്‍ നിന്നുള്ള എന്‍ട്രി ആയിരുന്നു ശ്രീമുരളിയെ നായകനാക്കി ഡോ. സൂരി സംവിധാനം ചെയ്ത ബഗീര. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥ കെജിഎഫിന്‍റെയും സലാറിന്‍റെയും സംവിധായകന്‍ പ്രശാന്ത് നീലിന്‍റേത് ആയിരുന്നു. കെജിഎഫ് അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിച്ചതും. ഇപ്പോഴിതാ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ് ബഗീര. 

പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സില്‍ കാണാനാവും. വിവിധ ഭാഷാ ദീപാവലി റിലീസ് ചിത്രങ്ങളില്‍ ഒടിടിയില്‍ ആദ്യം എത്തുന്നതും ഈ ചിത്രമാണ്. ശ്രീമുരളിയ്ക്കൊപ്പം രുക്മിണി വസന്ത്, പ്രകാശ് രാജ്, സുധ റാണി, അച്യുത് കുമാര്‍, രാമചന്ദ്ര രാജു, രംഗായണ രഘു, അവിനാഷ് യെലന്ദൂര്‍, ശരത് ലോഹിതാശ്വ, പ്രമോദ് ഷെട്ടി, പുനീത് രുദ്രാംഗ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അര്‍ജുന്‍ ഷെട്ടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രണവ് ശ്രീ പ്രസാദ് ആണ് എഡിറ്റിംഗ്. സംഗീതം ബി അജനീഷ് ലോക്നാഥ്. 20 കോടി ബജറ്റില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് സമാഹരിച്ചത് 28.5 കോടി ഗ്രോസ് ആണ്. കളക്ഷന്‍ അത്രയ്ക്കേ ഉള്ളൂവെങ്കിലും കന്നഡത്തില്‍ ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് സംഖ്യയാണ് അത്. ഫഹദ് ഫാസിലിന്‍റെ കന്നഡ സിനിമാ അരങ്ങേറ്റം ആവുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രമാണിത്. എന്നാല്‍ അത് സംഭവിച്ചില്ല. 2020 ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത് ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു. 

ALSO READ : അശോക് സെല്‍വന്‍ നായകന്‍; 'എമക്ക് തൊഴില്‍ റൊമാന്‍സ്' സ്‍നീക്ക് പീക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം