സിനിമാ കുടുംബത്തിൽപ്പെട്ട ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയും ലഹരി ഇതുപയോഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ തന്നെ വെളിപ്പെടുത്തിയതാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി ഒഴുകുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര.
കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. സിനിമാ കുടുംബത്തിൽപ്പെട്ട ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയും ലഹരി ഇതുപയോഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ തന്നെ വെളിപ്പെടുത്തിയതാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി ഒഴുകുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തിയാല്‍ മാത്രമേ ലഹരി വ്യാപനം തടയാന്‍ കഴിയൂ. ലഹരി ഉപയോഗിക്കുന്നവരെ സിനിമയില്‍ നിന്ന് മാറ്റി നിറുത്തണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
ഷൈൻ ടോം ചാക്കോയ്ക്ക് പിന്നാലെ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയരായ യുവ സംവിധായകർ കഞ്ചാവ് കേസിൽ അറസ്റ്റിലായതിൻ്റെ ആഘാതത്തിലാണ് മലയാള സിനിമ ലോകം. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇരു സംവിധായകരെയും സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന് ഫെഫ്ക പ്രഖ്യാപിച്ചു. എന്നാൽ ഓരോ കേസും പുറത്ത് വരുമ്പോൾ ഉള്ള ഇത്തരം നടപടി പ്രഖ്യാപനങ്ങൾക്കപ്പുറം സിനിമ മേഖലയിലെ ലഹരി ഇല്ലാതാക്കാൻ സംഘടനകൾ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമാവുകയാണ്. 'അതൊരു ചെറിയ കേസല്ലേ ഭായ്'- ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അഷ്റഫ് ഹംസ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൻ്റെ വ്യാപ്തി എത്ര കണ്ട് വലുതായിരിക്കുന്നു എന്ന ചോദ്യമാണ് പ്രസക്തം.
പേരിനുള്ള നടപടികൾക്ക് അപ്പുറം സിനിമാ മേഖലയിലെ രാസലഹരി പൂർണമായും ഇല്ലാതാക്കാൻ സംഘടനകൾ എത്രമാത്രം ആത്മാർത്ഥത പുലർത്തുന്നുണ്ട് എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകുന്നത്. സിനിമാ സെറ്റുകളിൽ അടക്കം ലഹരി പരിശോധന കർക്കശമാക്കാനുള്ള സർക്കാർ തീരുമാനം വന്നപ്പോൾ അതിനെതിരെ രംഗത്ത് വന്നതും ഇതേ സിനിമാ സംഘടനകൾ തന്നെ.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ച സിനിമ സംഘടനകളുടെ നടപടിയും പുതിയ സാഹചര്യത്തിൽ കൂടുതൽ വിമർശന വിധേയമാവുകയാണ്. ഫലത്തിൽ സിനിമാ മേഖലയെ ലഹരിയിൽ നിന്ന് അകറ്റും എന്ന പ്രഖ്യാപനങ്ങൾക്കപ്പുറം കാര്യമായൊന്നും ഒരു സിനിമാ സംഘടനയും ചെയ്യുന്നില്ലെന്ന് ആവർത്തിച്ച് അടിവരയിടുകയാണ് യുവ സംവിധായകർ പ്രതികളായ പുതിയ കഞ്ചാവ് കേസും.
