പൊതു വേദിയില്‍ വച്ച് രോഷാകുലനായ തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നു. ‌സേഹരി സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം.

‘അങ്കിൾ’ എന്ന് കേട്ട ബാലകൃഷ്ണയുടെ മുഖഭാവം മാറുന്നത് വീഡിയോയിൽ കാണാം. പിന്നാലെ നടൻ  ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ചടങ്ങിലുടനീളം നന്ദമുരി അസ്വസ്ഥനായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഫോൺ വരികയും ചെയ്തു. ഉടനെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത ശേഷം അസിസ്റ്റന്‍റിന് നേരെ വലിച്ചെറിയുകയായിരുന്നു. 

പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വീഡിയോയിൽ കാണാം.
എട്ടുമാസങ്ങൾക്ക് ശേഷമാണ് നന്ദമുരി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് ചടങ്ങിനെത്തിയത്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.