സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കൊലപാതകശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 31 കാരിയായ നടിയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ധാക്ക: സിനിമയിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വേഷമിട്ട നടി നുസ്രത്ത് ഫാരിയ അറസ്റ്റിൽ. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷൻ' എന്ന ജീവചരിത്ര സിനിമയിൽ ഹസീനയുടെ വേഷമിട്ട നുസ്രത്തിനെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് നടിയെ കസ്റ്റഡിയിലെടുത്തത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തിന് കാരണമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കൊലപാതകശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 31 കാരിയായ നടിയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം തായ്‌ലൻഡിലേക്കുള്ള യാത്രാമധ്യേ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റിൽ നിന്നാണ് അവരെ പിടികൂടിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ധാക്കയിലെ വതാര പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഫാരിയ ഉൾപ്പെടെ 17 അഭിനേതാക്കൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. 2024 ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കും അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കും ശേഷം ഹസീന ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല സർക്കാറാണ് രാജ്യം ഭരിക്കുന്നത്.


