ആദ്യത്തെ കൺമണിയായതിനാൽ മഷുറയുടെ വീട്ടുകാർ അവരുടെ സ്വന്തം സ്ഥലമായ മം​ഗളൂരുവില്‍ സീമന്തം ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്

ബി​ഗ് ബോസ് മലയാളം മുന്‍ സീസണിലൂടെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ ആളാണ് ബഷീര്‍ ബഷി. വ്യക്തിജീവിതത്തിലെ ചില സവിശേഷതകളാണ് ബഷീര്‍ ബഷിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം ഇടംപിടിക്കാറ്. രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഇതിനെ വിമര്‍ശനാത്മകമായി സമീപിച്ചുള്ള പോസ്റ്റുകള്‍ ബി​ഗ് ബോസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സമാധാനപൂര്‍ണ്ണമായ തന്‍റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ബഷീര്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മറ്റൊരു സന്തോഷത്തിലാണ് ബഷീര്‍ ബഷി കുടുംബം. ഭാര്യ മഷൂറ ​ഗര്‍ഭിണിയാണ് എന്നതാണത്. 

പ്രഗ്നൻസിയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിന്‍റെ സന്തോഷത്തിലാണ് മഷൂറ. കഴിഞ്ഞ ദിവസം നടത്തിയ ബേബി ഷവർ ആഘോഷം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദ്യത്തെ കൺമണിയായതിനാൽ മഷൂറയുടെ വീട്ടുകാർ അവരുടെ സ്വന്തം സ്ഥലമായ മം​ഗളൂരുവില്‍ സീമന്തം ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടയൊണ് സീമന്തം ചടങ്ങ് മഷൂറയ്ക്കായി വീട്ടുകാർ സംഘടിപ്പിക്കുന്നത്. അതിനായി വൈകാതെ ബഷീറും കുടുംബവും മംഗലാപുരത്തേക്ക് പോകും. സീമന്തം ചടങ്ങുകൾ മനോഹരമായി നടത്താനുള്ള ഷോപ്പിങിലും മറ്റുമാണ് മഷൂറയും സോനുവും ബഷീറുമെല്ലാം. ഇതാണ് പുതിയ വീഡിയോയിൽ കുടുംബം കാണിക്കുന്നത്.

സീമന്തത്തിന് സാരിയാണ് താൻ ധരിക്കുകയെന്നും സാരി ധരിക്കാത്തതിനെ കുറച്ച് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും മമ്മയ്ക്കും താൻ സാരി ഉടുത്ത് കാണാനാണ് താൽപര്യമെന്നും മഷൂറ തന്റെ സീമന്തം ചടങ്ങിന് മുന്നോടിയായുള്ള ഷോപ്പിങ് വീഡിയോയിൽ പറയുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹം പോലെ പച്ച നിറത്തിലുള്ള സാരി തന്നെ വാങ്ങിക്കുമെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലേറെയും സീമന്തം ചടങ്ങിന്റെ വിശേഷങ്ങൾ ചോദിച്ചുള്ളതാണ്.

ബഷീറിന്റെ മക്കളായ സൈഗുവും സുനുവുമെല്ലാം മഷൂറയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. മഷൂറ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സുനു കരയുന്ന വീഡിയോയും മുമ്പ് വൈറലായിരുന്നു. തന്റെ സ്വന്തം മക്കളെപ്പോലെ തന്നെയാണ് മഷൂറ സുഹാനയുടെ മക്കളേയും സ്നേഹിക്കുന്നതും പരിചരിക്കുന്നതും. ഇവരുടെ കുടുംബത്തിന്റെ ഐക്യം വീഡിയോ കാണുന്ന എല്ലാവർക്കും എപ്പോഴും അത്ഭുതമാണ്.

Mangalore Seemantham Function Vendiyulla Kanchipuram Saree Purchasing 🥰🤰| Mashura | Suhana