മിന്നൽ മുരളിക്ക് ശേഷം സംവിധാനത്തിൽ നിന്ന് ഇടവേളയെടുത്ത ബേസിൽ ജോസഫ് ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി തിരിച്ചുവരുന്നു

കരിയറില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ബേസില്‍ ജോസഫ് എന്ന പേര് ഇന്ന് മറുഭാഷാ സിനിമാപ്രേമികള്‍ക്കും പരിചിതമാണ്. മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല തങ്ങളെ അമ്പരപ്പിച്ച ഒരു അഭിനേതാവ് എന്ന നിലയിലും. എന്നാല്‍ ബേസില്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ട് അഞ്ച് വര്‍ഷം ആവുന്നു. മിന്നല്‍ മുരളിക്ക് ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ സിനിമകളൊന്നും വന്നിട്ടില്ല. ഈ സമയം അഭിനേതാവ് എന്ന നിലയില്‍ വലിയ തിരക്കില്‍ ആയിരുന്നുതാനും. അടുത്ത ചിത്രം ഇതുവരെ താന്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കാന്‍വാസില്‍ ആവും ബേസില്‍ ഒരുക്കുക എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രോജക്റ്റിനെക്കുറിച്ച് ആവേശകരമായ മറ്റൊരു വിവരം കൂടി പുറത്തെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു സിരീഷിന്‍റെ കഴിഞ്ഞ മാസം നടന്ന പ്രീ വെഡ്ഡിംഗ് റിസപ്ഷനില്‍ ബേസില്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടുകെട്ടിനെക്കുറിച്ച് തെലുങ്ക് മാധ്യമങ്ങളിലടക്കം പിന്നാലെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബേസിലിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ധ്യാന്‍ ശ്രീനിവാസനും ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ഒരു പ്രൊമോഷണല്‍ അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ വെറൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ അല്ലു അര്‍ജുന്‍റെ അപ്കമിം​ഗ് പ്രോജക്റ്റുകളില്‍ ഈ ചിത്രവുമുണ്ട്.

ചിത്രത്തിന്‍റെ ബജറ്റ് ആണ് ഈ റിപ്പോര്‍ട്ടിലെ പുതിയ വിവരം. 300 കോടി ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുകയെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്ലു അര്‍ജുന്‍റെ കരിയറിലെ 25-ാം ചിത്രമായിരിക്കും ഇതെന്ന പ്രത്യേകതയും ഉണ്ട്. അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദിന്‍റെ ബാനര്‍ ആയ ​ഗീത ആര്‍ട്സ് ആയിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇത് യാഥാര്‍ഥ്യമാവുമ്പോള്‍ ഒരു മലയാളി സംവിധായകന്‍ ഇതുവരെ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ കാന്‍വാസ് ചിത്രങ്ങളില്‍ ഒന്നായിമാറും ഇത്. മലയാളത്തില്‍ ഇതുവരെ എത്തിയിട്ടുള്ളതില്‍ ഏറ്റവും ബജറ്റ് ഉള്ള ചിത്രമായി കരുതപ്പെടുന്നത് എമ്പുരാന്‍ ആണ്. 180 കോടിയോളമാണ് ഇതിന്‍റെ ബജറ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്ന് മറുഭാഷയില്‍ ഏറ്റവും വിജയം നേടിയ സംവിധായകന്‍ പ്രിയദര്‍ശനാണ്. എന്നാല്‍ അല്ലു- ബേസില്‍ ചിത്രത്തിന്‍റെയത്ര ബജറ്റില്‍ അദ്ദേഹം ബോളിവുഡില്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടില്ല.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News