ഒടിടി റിലീസുകളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും പരിചിതനാണ് ബേസില്‍ ജോസഫ്
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ അഭിനേതാക്കള്‍ക്കും അതിന്‍റെ നേട്ടമുണ്ട്. മികച്ച പ്രകടനങ്ങളിലൂടെ അവര്‍ക്ക് പുതിയ പ്രേക്ഷകരെ ലഭിക്കും എന്നതാണ് അത്. ആ വിഭാഗം പ്രേക്ഷകര്‍ മിക്കപ്പോഴും ഈ അഭിനേതാവിന്‍റെ വരും ചിത്രങ്ങള്‍ ശ്രദ്ധിക്കുകയും കാണുകയുമൊക്കെ ചെയ്യും. സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ഒടിടിയിലൂടെ വലിയ നേട്ടം ഉണ്ടാക്കിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. തമിഴ്നാട്ടിലും സമീപ വര്‍ഷങ്ങളില്‍ ഒടിടിയിലൂടെ ബേസില്‍ ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ശിവകാര്‍ത്തികേയന്‍റെ പൊങ്കല്‍ ചിത്രം പരാശക്തിയിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയുമാണ്.
അതിഥിവേഷം
ഒരു അതിഥിവേഷത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഡോമന്‍ ചാക്കോ എന്നാണ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒടിടിയുടെ പവര്‍ എന്താണെന്ന് തെളിയിക്കുന്നതാണ് ബേസിലിന്‍റെ സാന്നിധ്യത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്. സ്ക്രീന്‍ ടൈം ചെറുതെങ്കിലും വലിയ കൈയടിയാണ് തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആ കൈയടിയിലൂടെ ബേസിലിന്‍റെ മുന്‍ പ്രകടനങ്ങള്‍ തങ്ങള്‍ കണ്ടിട്ടുണ്ടെന്ന കാര്യം കൂടിയാണ് പ്രേക്ഷകര്‍ പറയാതെ പറയുന്നത്. മറ്റ് രണ്ട് അതിഥി വേഷങ്ങള്‍ കൂടി ചിത്രത്തില്‍ ഉണ്ട്. തെലുങ്ക് താരം റാണ ദഗുബാട്ടിയും കന്നഡ താരം ധനഞ്ജയയുമാണ് അത്.
ഇരുധി സുട്രു, സൂരറൈ പോട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കരയാണ് ചിത്രത്തിന്‍റെ സംവിധാനം. സുധയ്ക്കൊപ്പം അര്‍ജുന്‍ നടേശനും ഗണേശയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡോണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ഹിസ്റ്റോറിക്കല്‍ പൊളിറ്റിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം കഥ പറയുന്നത് തമിഴ്നാട്ടില്‍ 1965 ല്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹന്‍, അഥര്‍വ്വ, ശ്രീലീല, കുളപ്പുള്ളി ലീല, പ്രകാശ് ബാലവാടി, ദേവ് രാംനാഥ്, പൃഥ്വി രാജന്‍, ഗുരു സോമസുന്ദരം, ചേതന്‍, കാളി വെങ്കട്, പാപ്രി ഘോഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.
പൊങ്കല്‍ റിലീസ് ആയി ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് കളക്ഷനാണ് ചിത്രം തമിഴ്നാട്ടില്‍ നേടിയത്.



