'നീ പക പോക്കുവാണ് അല്ലേടാ' എന്നാണ് തമാശയെന്നോണം ടൊവിനൊ തോമസിന്റെ കമന്റ്.
ടൊവിനൊ തോമസ് (Tovino Thomas) നായകനായ ചിത്രം മിന്നല്‍ മുരളി (Minnal Murali) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നതും. ഇപോഴിതാ മിന്നല്‍ മുരളി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ബേസില്‍ ജോസഫ്.
സൂപ്പര്‍ഹീറോയുടെ പുത്തൻ കോസ്റ്റ്യൂമാണ് ടൊവിനൊ തോമസ് ധരിച്ചിരിക്കുന്നത്. ക്ലൈമാക്സ് ഷൂട്ടിനായി വസ്‍ത്രത്തില്‍ ചെളി പുരളണം. അതിന് മണ്ണില്‍ കിടന്ന് ടൊവിനൊ തോമസ് ഉരുളുന്നതാണ് വീഡിയോയില്‍ കാണുന്നത്. നീ പക പോക്കുവാണ് അല്ലേടാ എന്നാണ് വീഡിയോയ്‍ക്ക് ടൊവിനൊ തോമസ് കമന്റ് എഴുതിയിരിക്കുന്നത്.
നായകനും സംവിധായകനും മാത്രമല്ല അടുത്ത സുഹൃത്തുക്കളുമാണ് ടൊവിനൊയും ബേസിലും. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഒരു ഗാനം ബേസില്‍ ജോസഫ് തമാശയ്‍ക്ക് പാടുന്നതിന്റെയും ഷൂട്ടിന് ഇടയ്‍ക്ക് ഭക്ഷണം കഴിക്കുന്നതിന്റെയും ഒക്കെ വീഡിയോ ടൊവിനൊ പങ്കുവെച്ചിരുന്നു. ഇപോള്‍ ബേസില്‍ ജോസഫ് ടൊവിനൊ തോമസിന്റെ ഒരു വീഡിയോയും പങ്കുവെച്ചതും തംരഗമാകുകയാണ്.. ബേസില്‍ ജോസഫ് പങ്കുവെച്ച വീഡിയോയ്‍ക്ക് തമാശയെന്നോണം ടൊവിനൊ തോമസ് എഴുതിയ കമന്റും ചര്‍ച്ചയാകുകയാണ്.
'മിന്നല്‍ മുരളി' എന്ന ചിത്രം മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. സുഷിൻ ശ്യാം ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ടൊവിനൊ തോമസ് നായകനായ ചിത്രത്തിനായി മനു മഞ്‍ജിത്ത് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്.
