'ബ്യൂട്ടിഫുള്‍ രണ്ടി'ന്റെ തിരക്കഥാ ജോലികള്‍ തുടങ്ങി എന്ന് വ്യക്തമാക്കി അനൂപ് മേനോൻ.
ഫീല്‍ ഗുഡ് എന്റര്‍ടെയ്‍നറായി വിജയം സ്വന്തമാക്കിയതാണ് 'ബ്യൂട്ടിഫുള്‍'. അനൂപ് മേനോന്റെ തിരക്കഥയിലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. വി കെ പ്രകാശ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. 'ബ്യൂട്ടിഫുള്‍ രണ്ടി'ന്റെ തിരക്കഥാ ജോലികള്‍ തുടങ്ങി എന്ന് വ്യക്തമാക്കി അനൂപ് മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്.
'ബ്യൂട്ടിഫുള്‍ രണ്ട്' ഞാൻ തുടങ്ങിയിരിക്കുകയാണ്, തനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും വേണമെന്നും തിരക്കഥാ പേജിന്റെ ഫോട്ടോ പങ്കുവെച്ച് അനൂപ് മേനോൻ എഴുതിയിരിക്കുന്നു. രതീഷ് വേഗ തന്നെയായിരിക്കും സംഗീതം. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
വി കെ പ്രകാശിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ 'സ്റ്റീഫൻ ലൂയിസ്‍' എന്ന നായക വേഷത്തില്‍ എത്തിയത് ജയസൂര്യ ആയിരുന്നു. 'ജോണ്‍' എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിച്ചു. മേഘ്‍ന രാജ് ചിത്രത്തില്‍ നായികയുമായെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജയസൂര്യയുണ്ടാകില്ല. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. കാനഡയിലെ വാന്‍കൂവറില്‍ ആയിരിക്കും ചിത്രീകരണം. അടുത്ത ജനുവരിയില്‍ ചിത്രീകരണം തുടങ്ങും.
രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'തിമിംഗലവേട്ട' അനൂപ് മേനോന്റേതായി റിലീസ് ചെയ്യാനുണ്ട്. കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം') എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്. യുവാവായ രാഷ്‍ട്രീയ നേതാവ് ആയിട്ടാണ് ചിത്രത്തില്‍ അനൂപ് മേനോൻ വേഷമിടുന്നത്. ബി കെ ഹരിനാരായണനാണ് ഗാനരചന. വാഴൂര്‍ ജോസാണ് ചിത്രത്തിന്റെ പിആര്‍ഒ.
Read More: വിജയ് ദേവരകൊണ്ടയും സാമന്തയും വിജയത്തിളക്കത്തില്‍, "ഖുഷി' നേടിയത്
