ഫേസ്ബുക്കിലെ സിനിമ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ അഡ്മിന്മാരിൽ ഒരാളായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്.
കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കൽ (28) അന്തരിച്ചു. ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിച്ച 'കാപ്പി സ്ക്വാഡ്' എന്ന വെബ് സീരീസിന്റെ സംവിധായകനാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബെൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കോട്ടയം മണിമല സ്വദേശിയാണ്.
സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമായിരുന്നു ബെൽരാജ് ഹോട്ടലിൽ താമസിച്ചിരുന്നത്. മുറിയുടെ കോളിങ് ബെൽ പലതവണ അടിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സൺറൈസ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒക്ടോബർ 15നാണ് ബെൽരാജ് സംവിധാനം ചെയ്ത 'കാപ്പി സ്ക്വാഡ്' ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന്റെ നാല് എപ്പിസോഡുകൾ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. ആകെ 36 എപ്പിസോഡുകളുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ആദ്യ സ്വതന്ത്ര സംവിധാന സംരംഭം പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെയാണ് യുവ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.
'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് സംവിധായകനായും ബെൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമാരംഗത്തെ പ്രവർത്തനപരിചയത്തിന് പിന്നാലെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രോജക്ടായിരുന്നു 'കാപ്പി സ്ക്വാഡ്'.
ഗായകനും നടനുമായ റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ഡ്രാമ വെബ് സീരീസാണ് 'കാപ്പി സ്ക്വാഡ്'. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം. ശ്രീകാന്ത് മോഹൻ ക്രിയേറ്റ് ചെയ്ത സീരീസ് സംവിധാനം ചെയ്തത് ബെൽരാജ് കളരിക്കലാണ്. സീരീസിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചുവരുന്നതിനിടെയാണ് സംവിധായകന്റെ വിയോഗം.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബെൽരാജിന്റെ വിവാഹം. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ആതിരയെ ജീവിതപങ്കാളിയാക്കിയത്. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. സോജയാണ് സഹോദരി. ആദ്യ സ്വതന്ത്ര സംവിധാന സംരംഭം പ്രേക്ഷകരിലേക്ക് എത്തി ദിവസങ്ങൾക്കകം ബെൽരാജിന്റെ ജീവിതത്തിന് അപ്രതീക്ഷിതമായി വിരാമമായത്.


