'ജിം കെനി'യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച് ഭദ്രന്‍
ജനത പിക്ചേഴ്സ് ജനുവരിയില്‍ പ്രഖ്യാപിച്ച പല പ്രോജക്റ്റുകളില്‍ ഒന്നിന്‍റെ സംവിധായകനായി ഭദ്രനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

പല കാലങ്ങളിലായി ഭദ്രന്‍ സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലും പിന്നീടിങ്ങോട്ട് നായക നടനായും. എന്നാല്‍ സ്ഫടികത്തോളം പ്രശസ്തമായ ഒരു ചിത്രവും ആടുതോമയെപ്പോലെ ജനപ്രിയനായ ഒരു കഥാപാത്രവും ആ കൂട്ടുകെട്ടില്‍ വേറെയില്ല. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ താന്‍ വൈകാതെ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പറയുകയാണ് ഭദ്രന്‍.
താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് ഭദ്രന്‍ പറയുന്നു. വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന്‍ എന്ന സ്ക്രിപ്റ്റ് റെഡിയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണത്, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു. ഈ വര്‍ഷാവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒരേപോലെയുള്ള കഥാപരമായി മികച്ച ചിത്രമായിരിക്കും പുതിയ മോഹന്‍ലാല്‍ സിനിമയെന്നും.
ALSO READ : 'പുഴ മുതല്‍ പുഴ വരെ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍
അതേസമയം 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു റോഡ് മൂവി ഒരുക്കുന്നതായി ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രോജക്റ്റ് തന്നെയാണോ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്നതെന്ന് വ്യക്തമല്ല. അതിനിടെ തിരക്കഥാകൃത്ത് സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ നിര്‍മ്മാണ കമ്പനിയായ ജനത പിക്ചേഴ്സ് ജനുവരിയില്‍ പ്രഖ്യാപിച്ച പല പ്രോജക്റ്റുകളില്‍ ഒന്നിന്‍റെ സംവിധായകനായി ഭദ്രനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഇത് ഏത് പ്രോജക്റ്റ് എന്നത് അവര്‍ വ്യക്തമാക്കിയിട്ടില്ല.