Asianet News Malayalam

'ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ഫഹദ്'; ജോജിയെ കുറിച്ച് ഭദ്രൻ

പ്രേക്ഷകർ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നൽകിയതെന്നും എന്നാൽ തനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. 

bhadran facebook post about joji movie
Author
Kochi, First Published Apr 25, 2021, 8:58 AM IST
  • Facebook
  • Twitter
  • Whatsapp

ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്  സംവിധായകൻ ഭദ്രൻ. 

പ്രേക്ഷകർ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നൽകിയതെന്നും എന്നാൽ തനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് തേൻവരിക്ക കഴിക്കുന്ന പോലെയായിരുന്നു ചിത്രമെന്നും അദ്ദേഹം അറിയിച്ചു.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്.  മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും "ഓഹ്" "One time watch" "ഒരു തട്ടിക്കൂട്ട് കഥ" "പക്കാ സൂഡോ"...
സത്യം പറയട്ടെ, എൻ്റെ  പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം. 
ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും. 
ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ "ബെർമൂഡ" രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി. 
ഒരു കണ്ടി  തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന "തൊരപ്പൻ ബാസ്റ്റിൻ" നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി. 
ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിൻ്റെ ഒരു പൂച്ചെണ്ട്..

ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.

Follow Us:
Download App:
  • android
  • ios