തമിഴകത്തിന്‍റെ ഉള്‍നാടുകളെ ഭാരതിരാജ പകര്‍ത്തിയതുപോലെ മറ്റൊരു സംവിധായകനും പകര്‍ത്തിയിട്ടുണ്ടാവില്ല. തമിഴ് സിനിമ അതിനാടകീയതയില്‍ മാത്രം പുലര്‍ന്നിരുന്ന കാലത്തും ഭാരതിരാജയ്ക്ക് അതില്‍ നിന്നു വേറിട്ട സ്വന്തം മാര്‍ഗ്ഗമുണ്ടായിരുന്നു. ദൃശ്യത്തെപ്പോലെതന്നെ സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയ ഭാരതിരാജ ചിത്രങ്ങളിലെ ആസ്വാദകര്‍ ഇപ്പോഴും മൂളുന്ന ഗാനങ്ങളില്‍ പലതും ചിട്ടപ്പെടുത്തിയത് ഇളയരാജ ആയിരുന്നു. എന്നാല്‍ ഇടയ്ക്കൊക്കെ തലനീട്ടിയ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആ കൂട്ടുകെട്ട് ഏറെ മുന്‍പ് നിലച്ചുപോയിരുന്നു. ഇപ്പോഴിതാ നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍.

എഴുത്തുകാരനും ഡോക്യുമെന്‍ററി സംവിധായകനുമായ ഭാരതി കൃഷ്‍ണകുമാര്‍ എഴുതുന്ന കഥയില്‍ ഭാരതിരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ഇളയരാജ സംഗീതം പകരുന്നതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ഇതും. സിനിമയുടെ കഥയും പശ്ചാത്തലവുമൊക്കെ ഇളയരാജയുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ ഭാരതിരാജയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ അതു നീട്ടിവെക്കാനാണ് ഇളയരാജ നിര്‍ദേശിച്ചതെന്ന് ഭാരതി കൃഷ്‍ണകുമാര്‍ പറയുന്നു. ഭാരതിരാജയുടെ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് ഭാരതി കൃഷ്‍ണകുമാര്‍.

1977ല്‍ പുറത്തെത്തിയ ഭാരതിരാജയുടെ അരങ്ങേറ്റചിത്രമായ '16 വയതിനിലേ' മുതല്‍ ആരംഭിക്കുന്നതാണ് ഇളയരാജയുമായുള്ള പ്രൊഫഷണല്‍ ബന്ധം. എസ് ജാനകിയ്ക്ക് ദേശീയ പുരസ്‍കാരം നേടിക്കൊടുത്തിരുന്നു ഈ ചിത്രത്തിലെ ഗാനം. എന്നുയിര്‍ തോഴന്‍, പുതുനെല്ല് പുതുനാത്ത്, നാടോടി തെന്‍ട്രല്‍ തുടങ്ങിയ ഭാരതിരാജ സിനിമകള്‍ക്കും ഇളയരാജയാണ് സംഗീതം പകര്‍ന്നത്. എന്നാല്‍ കരിയറിന്‍റെ പലസമയത്തും അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ നീണ്ടകാലത്തെ ഇടവേളകളും സംഭവിച്ചു. ഇളയരാജയ്ക്കു പകരം ദേവേന്ദ്രന്‍, ഹംസലേഖ, എ ആര്‍ റഹ്മാന്‍ തുടങ്ങിയവരൊക്കെ പല ചിത്രങ്ങളിലായി ഭാരതിരാജയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും തമിഴ് സിനിമയിലെ രണ്ട് അതികായരുടെ ഒരുമിക്കല്‍ സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്.