പ്രേമലു 2 നേരത്തേ പ്രഖ്യാപിച്ചിരുന്നു

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ഭാവന സ്റ്റുഡിയോസ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവരാണ് ഭാവനയുടെ പിന്നില്‍. ഈ ബാനറില്‍ എത്തിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. കുമ്പളങ്ങി നൈറ്റ്സ് മുതല്‍ പ്രേമലു വരെ അഞ്ച് സിനിമകളാണ് ഈ ബാനറിന്‍ കീഴില്‍ ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. വരാനിരിക്കുന്ന മറ്റൊരു ചിത്രം കൂടി ഭാവന സ്റ്റുഡിയോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രേമലു സംവിധായകന്‍ ​ഗിരീഷ് എ ഡി തന്നെ ഒരുക്കുന്ന പ്രേമലു 2 ആയിരുന്നു അത്. ഇപ്പോഴിതാ തങ്ങളുടെ നിര്‍മ്മാണത്തില്‍ എത്താനിരിക്കുന്ന മറ്റൊരു ചിത്രത്തെക്കുറിച്ച് കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ദിലീഷ് പോത്തന്‍. അതിന്‍റെയും സംവിധായകന്‍ ​ഗിരീഷ് എ ഡി ആണ്.

താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം റോന്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് ഇക്കാര്യം പറഞ്ഞത്. “ഭാവന സ്റ്റുഡിയോസിന്‍റെ അടുത്ത പടം ​ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഒരു പടമാണ്. അതിന്‍റെ വിവരങ്ങള്‍ തൊട്ടുപിറകെ വരും. അത് പ്രേമലു 2 ആയിരിക്കില്ല. മറ്റൊരു ​ഗിരീഷ് എ ഡി ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം”, ദിലീഷ് പോത്തന്‍ പറയുന്നു.

ജോജിക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- “കഥ നമുക്ക് കിട്ടും. അതിനെ പൂര്‍ണ്ണമായും ഒരു സിനിമയുടെ സ്വഭാവത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന പ്രോസസിലാണ് നമ്മള്‍ എപ്പോഴും തോറ്റുപോകുന്നത്. താല്‍പര്യമുള്ള പല കഥകളും പ്ലോട്ടുകളുമൊക്കെ പല എഴുത്തുകാര്‍ക്കൊപ്പം ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അതിനെ ഒരു സിനിമയുടെ ഫൈനല്‍ ഫോമിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഇടയ്ക്ക് നമുക്ക് തന്നെ അതിനോടുള്ള താല്‍പര്യം കുറഞ്ഞുപോകുന്നതുകൊണ്ടോ വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടോ ഒക്കെ പലപ്പോഴും പാതി വഴിയില്‍ വച്ച് നിര്‍ത്തിപ്പോകുന്നത്. ഇപ്പോള്‍ ഒരു പരിപാടി ഏകദേശം വട്ടം എത്തി വന്നിട്ടുണ്ട്. ഇത് ഒക്കുമായിരിക്കും. ഏകദേശം ഒരു ഫോമിലേക്ക് അത് എത്തിയിട്ടുണ്ട്”, ദിലീഷ് പോത്തന്‍ പറയുന്നു.

അതേസമയം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന റോന്തില്‍ റോഷന്‍ മാത്യുവാണ് ദിലീഷ് പോത്തനൊപ്പം മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്