നാല്‍പതുപേരിൽ നിന്ന് തുടങ്ങിയ ഷോ എലിമിനേഷൻ റൗണ്ട് പൂർത്തിയാക്കിയതോടെ 36 ലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷയിൽ ആദ്യ എലിമിനേഷൻ നടന്നിരിക്കുകയാണ്. നാലുപേരാണ് അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായിരിക്കുന്നത്. ആരൊക്കെയാണ് അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായ ആ നാലുപേർ നമുക്കൊന്ന് നോക്കാം.

അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായ ആദ്യ മത്സരാർത്ഥി ബിജു ആണ്. കഴിഞ്ഞ രണ്ട് ദിവസത്തെ പെർഫോമൻസുകളുടെ അടിസ്ഥാനത്തിലും സ്ക്രീൻ പ്രെസൻസിന്റെ അടിസ്ഥാനത്തിലുമാണ് ബിജുവിനെ പുറത്താക്കിയിരിക്കുന്നത്. ഈ എലിമിനേഷൻ താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്റെ ഭാര്യ ഇത് കേൾക്കുമ്പോൾ തല കറങ്ങി വീണുപോകും എന്നുമായിരുന്നു ബിജുവിന്റെ ആദ്യ പ്രതികരണം. ബിഗ് ബോസ് എന്നത് തന്റെ വലിയ സ്വപ്നമായിരുന്നു എന്നും ഇവിടെ നിന്ന് പുറത്ത് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നും ബിജു പറയുകയുണ്ടായി.

അടുത്തതായി പുറത്തായത് ആരാധ്യയായിരുന്നു. 18 വയസ്സ് മാത്രം പ്രായം. ബിഗ് ബോസ് എന്ന വലിയ സ്വപ്നം. അതിന്റെ ആദ്യ ചവിട്ടുപടിയായി അഗ്നിപരീക്ഷയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി. നിർഭാഗ്യ വശാൽ ആരാധ്യയും ആദ്യ എലിമിനേഷൻ റൗണ്ടിൽ പുറത്താക്കപ്പെട്ടിരിക്കുകയാണ്. വളരെ ഇമോഷണലും സെൻസിറ്റീവുമായി ആരാധ്യ കരഞ്ഞുകൊണ്ടാണ് ഷോയിൽ നിന്നും ഇറങ്ങിയത്. ഒരിക്കലും ഇതൊരു അവസാനമല്ലെന്നും വെറും പതിനെട്ട് വയസ്സ് മാത്രമേ ആരാധ്യയ്ക്ക് ആയിട്ടുള്ളു എന്നും നല്ലൊരു ഭാവിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ജഡ്ജസിൽ ഒരാളായ രഞ്ജിനി ഹരിദാസ് ആരാധ്യയെ യാത്രയാക്കിയത്.

ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മൂന്നാമൻ നിതിൻ ആണ്. ഷോയുടെ തുടക്കത്തിൽ മികച്ച പെർഫോമൻസ് ആയിരുന്നു ജിമ്മനായ നിതിൻ കാഴ്ച വെച്ചത്. എന്നാൽ തുടക്കത്തിലേ ആവേശം പിന്നീട് അങ്ങോട്ട് കണ്ടില്ല എന്നതായിരുന്നു ജഡ്ജസിന് നിതിനെ പുറത്താക്കേണ്ടിവന്ന കാരണം. ജഡ്ജസിന്റെ തീരുമാനം പൂർണ്ണമായി ഉൾക്കൊള്ളുന്നു എന്നും എങ്കിലും ഷോയിൽ നിന്നും പുറത്താക്കപ്പെട്ടതിൽ വളരെയധികം വിഷമം ഉണ്ടെന്നുമായിരുന്നു നിതിന്റെ പ്രതികരണം. അതോടൊപ്പം വേദിയിൽ തന്റെ മിമിക്രി പെർഫോമൻസ് കൂടി പ്രേക്ഷകർക്കായി കാഴ്ചവെച്ചുകൊണ്ടാണ് നിതിൻ ഷോ വിട്ട് ഇറങ്ങിയത്.

ഏറ്റവും അവസാനമായി ആദ്യ എലിമിനേഷൻ റൗണ്ടിൽ പുറത്താക്കപ്പെട്ടത് റാഷയാണ്. അഫിനിയാസും റാഷയുമാണ് ഏറ്റവും അവസാന റൗണ്ടിൽ നേർക്കുനേർ വന്നത്. താൻ മികച്ച രീതിയിൽ പെർഫോം ചെയ്തുവെന്നും താനാണ് ഡിസർവിങ് എന്നുമാണ് റാഷ ജഡ്ജസിനോട് പ്രതികരിച്ചത്. അഫിനിയാസ് വേണ്ടത്ര പെർഫോം ചെയ്തില്ലെന്ന് അവരുടെ ഗ്രൂപ്പ് ക്യാപ്റ്റൻ തന്നെ പറഞ്ഞില്ലേ എന്നും അതുകൊണ്ട് കൂടി തനിക്കാണ് ഷോയിൽ തുടരാൻ അർഹത എന്നും റാഷ കൂട്ടിച്ചേർത്തു. ഇനി അഥവാ ഇവിടെ നിന്നും പുറത്തായാൽ അത് ആരുടെ കുറ്റം കൊണ്ടായിരിക്കും എന്ന ജഡ്ജസിന്റെ ചോദ്യത്തിന് ക്യാപ്റ്റൻ അഭിരാം എന്നായിരുന്നു റാഷയുടെ മറുപടി. എന്തായാലും ജഡ്ജസിന്റെ തീരുമാനപ്രകാരം റാഷ തന്നെ ഒടുവിൽ പുറത്താവുകയാണുണ്ടായത്.

നാല്‍പതുപേരിൽ നിന്ന് തുടങ്ങിയ ഷോ എലിമിനേഷൻ റൗണ്ട് പൂർത്തിയാക്കിയതോടെ 36 ലേക്ക് ഒതുങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇത്തരത്തിൽ എലിമിനേഷൻ റൗണ്ടുകൾ ഉണ്ടായിരിക്കും. ടാസ്കുകളെല്ലാം നല്ല രീതിയിൽ കളിച്ച് ഏറ്റവുമൊടുവിൽ എലിമിനേഷനുകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് ആരൊക്കെയായിരിക്കും ബിഗ് ബോസ് ഷോയിലേക്ക് കയറുക എന്നറിയാൻ നമ്മൾ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക