ബിഗ് ബോസിന് മുൻപും തന്റേതായി നിലപാടുകൾ ഉറക്കെ പറയാൻ മടികാണിക്കാത്ത ആളായിരുന്നു അഖിൽ മാരാർ.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സജീവമാണ്. മൂന്ന് മാസം നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിൽ ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ കപ്പുയർത്തിയപ്പോൾ, അത് പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബിഗ് ബോസിന് മുൻപും തന്റേതായി നിലപാടുകൾ ഉറക്കെ പറയാൻ മടികാണിക്കാത്ത ആളായിരുന്നു അഖിൽ മാരാർ. അത് ഷോയ്ക്ക് അകത്തും അങ്ങനെ തന്നെയായിരുന്നു. ഇത്തരം തുറന്ന പറച്ചിലുകൾ പലപ്പോഴും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയപരമായ ചിന്തകൾ പങ്കുവച്ച അഖിലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"സ്വഭാവം വച്ച് നോക്കിയാൽ ഞാൻ പക്കാ കമ്യൂണിസ്റ്റ് കാരനാ. ഞാൻ ആഗ്രഹിക്കുന്ന രീതിയിലൊരു കമ്യൂണിസം ആണോ ഇവിടെ. സ്ഥിതി സമത്വ വാദം എന്നാണ് കമ്യൂണിസത്തെ കുറിച്ച് പറയുന്നത്. ഞാൻ കാണുന്ന കോർപ്പറേറ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ് ഇന്ന് രാഷ്ട്രീയ പാർട്ടികൾ. എല്ലാ രാഷ്ട്രീയ പാർട്ടികളും അങ്ങനെയാണ്. എല്ലാ പാർട്ടിയുടെയും ലക്ഷ്യം ജനനന്മയാണ്. അങ്ങനെയാണ് അവർ പറയുന്നത്. എല്ലാ പാർട്ടിക്കും അതാണ് ലക്ഷ്യമെങ്കിൽ അവർക്ക് ഒരുമിച്ച് പ്രവർത്തിച്ചൂടെ. ഓരോ പാർട്ടിക്കും അവരുടെ അധികാരമാണ് പ്രധാനം. ജനങ്ങളുടെ ശരികൾ അവർക്ക് ശരിയാകണമെന്നില്ല. ആശയത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമൊക്കെ നഷ്ടപ്പെട്ടു. എല്ലാവർക്കും അവരുവരുടെ നിലനിൽപ്പാണ് പ്രധാനം", എന്ന് അഖിൽ മാരാർ പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിലിന്റെ പ്രതികരണം.
'ബന്ധുക്കൾ പങ്ക് ചോദിക്കും'; യുവാവിന് ലോട്ടറി അടിച്ചത് 424 കോടി, ആരും അറിയാതെ 10 വർഷം !
ജൂലൈ 2ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ. ആകെ അഞ്ച് മത്സരാർത്ഥികളാണ് വിന്നറാകാൻ മത്സരിച്ചത്. ഷിജു അഞ്ചാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ശോഭയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജുനൈസ് മൂന്നും റെനീഷ രണ്ടും സ്ഥാനങ്ങൾ നേടി. ഒടുവിൽ പ്രേക്ഷക പിന്തുണയോടെ അഖിൽ മാരാർ ബിഗ് ബോസ് സീസൺ അഞ്ചിന്റെ കിരീടം സ്വന്തമാക്കുകയും ആയിരുന്നു.

