തന്റെ ആഗ്രഹം കോൺഗ്രസ്സ് അധികാരത്തിൽ എത്തണമെന്നാണെന്നും അതിനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖിൽ വ്യക്തമാക്കി.

നിമയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ഓരോയിടത്തും ആരൊക്കെയാകും മത്സരാർത്ഥികളെന്ന അഭ്യൂഹങ്ങളും ചർച്ചകളും സജീവമാകുകയാണ്. ഇതിനിടെ കൊല്ലം കൊട്ടാരക്കരയിൽ ബി​ഗ് ബോസ് വിജയിയും നടനും സംവിധായകനുമായ അഖിൽ മാരാർ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും അഖിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരുവശത്ത് നടക്കുന്നതിനിടെ മൂന്ന് വർഷം മുൻപ് ബിഗ് ബോസിലേക്കുള്ള തന്റെ രംഗപ്രവേശനം ആണ് ഓർമ്മ വരുന്നതെന്ന് പറയുകയാണ് അഖിൽ മാരാർ.

വാശി കയറ്റുന്നതും വെല്ലുവിളികളും തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ അഖിൽ മാരാർ, അതാണ് ബിഗ് ബോസ്സിൽ പോകാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും പറയുന്നു. തന്റെ ആഗ്രഹം കോൺഗ്രസ്സ് അധികാരത്തിൽ എത്തണമെന്നാണെന്നും അതിനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖിൽ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ച് അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ്സ് ജയിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എന്റെ പേര് ചർച്ച ആക്കുന്നത് കാണുമ്പോൾ 3 വർഷം മുൻപ് ബിഗ് ബോസിലേക്കുള്ള എന്റെ രംഗ പ്രവേശനം ആണ് ഓർമ്മ വരുന്നത്. 

ബിഗ് ബോസ്സ് ഒരിക്കൽ പോലും കാണാത്ത ഞാൻ. ആ ഷോ വളരെ മോശം ആണെന്ന് ചിന്തിച്ചിരുന്ന ഞാൻ അവിചാരിതമായി ഉണ്ണി മുകുന്ദന്റെ താല്പര്യ പ്രകാരം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ പങ്കെടുക്കുന്നു. ആ ചർച്ചയിൽ സീക്രെട് ഏജന്റ് സായിയെ പരിഹസിച്ചു സംസാരിക്കവേ റോബിൻ രാധാകൃഷ്ണൻ എന്ന മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയെ പരാമർശിക്കുന്നു.

അതോടെ ബിഗ് ബോസ്സ് പ്രേക്ഷകർ ഒന്നടങ്കം എന്നെ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ ഒഡിഷന് പോലും പോയിട്ടില്ലാത്ത ഞാൻ സീസൺ 5 ഇൽ മത്സരിക്കുന്നു എന്ന വാർത്തകൾ കൊടുത്തു. ഇത് കണ്ടിട്ട് പബ്ലിസിറ്റിക്ക് വേണ്ടി ഞാൻ ചെയ്യിക്കുന്നതാണ് എന്നൊരു പരിഹാസം എന്റെ നാട്ടുകാരിൽ ചിലരിൽ നിന്നും വന്നു.

നീ മത്സരിച്ചാൽ ആദ്യ ആഴ്ച പുറത്താക്കും എന്ന് ബിഗ് ബോസ്സ് പ്രേക്ഷകരിൽ ഒരു വിഭാഗം. നിന്നെ ഒരിക്കലും ബിഗ് ബോസ്സിൽ എടുക്കില്ല എന്ന് വേറെ ചിലർ. വാശി കയറ്റുന്നത് എനിക്ക് ഇഷ്ട്ടമാണ്. വെല്ലുവിളികളും ഇഷ്ടമാണ്. അതാണ് ബിഗ് ബോസ്സിൽ പോകാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. രണ്ട് അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട്. പിന്നീട് സംഭവിച്ചത് നിങ്ങൾക്ക് അറിയാം. 

ഇനി ഞാൻ മത്സരിക്കുന്നു എന്ന വാർത്ത വന്നത് മീഡിയ വണിൽ എന്റെ ദേശീയ ബോധം സംസ്ക്കാരം.. ഇത് മാത്രമല്ല എന്റെ മാരാർ വാല് പോലും അടുപ്പ് കൂട്ടി ചർച്ച ചെയ്ത ഇവർ എന്നെ അനുകൂലിക്കാൻ കൊടുത്ത വാർത്ത അല്ല.

കഴിഞ്ഞ ദിവസം നിഷാദ് റാവുത്തർ രമേശ്‌ ചെന്നിത്തലയോട് ചോദിക്കുന്നു അഖിൽ മാരാർ എന്ന യൂ ടൂബർ മത്സരിക്കുന്നതായി കേട്ടല്ലോ. നിന്റെ കുരു 3 വർഷം മുൻപ് പൊട്ടിയത് ഞാൻ കണ്ടതാണ്. അടുത്തത് ഹർഷൻ ആൻഡ് ടീം ന്യൂസ്‌ മലയാളത്തിൽ എന്നെ പരിഹസിച്ചു ചർച്ച നടത്തി തകർക്കുന്നു.

അന്തം കമ്മികളിൽ പലരും യൂ ടൂബ് വീഡിയോ ചെയ്തു ആഘോഷിക്കുന്നു. ഞാൻ മത്സരിച്ചാൽ 100 ശതമാനം LDF ജയിക്കുമെങ്കിൽ സന്തോഷിക്കുന്നതിനു പകരം കുരു പൊട്ടി നടക്കുന്ന മാധ്യമ കമ്മികളും യൂ ടൂബ് കമ്മികളും ആണ് സോഷ്യൽ മീഡിയയിൽ...

ഞാൻ ഈ മാസം നടക്കാൻ പോകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് വേണ്ടി കളിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. സിനിമ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് അതിന് ശേഷം. ഇതിനിടയിൽ നിരവധി സ്നേഹമുള്ള കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും ഞാൻ രാഷ്ട്രീയത്തിലേക്ക് വരണം എന്ന് ആവശ്യപ്പെടുന്നുണ്ട്..

എന്റെ ആഗ്രഹം കോൺഗ്രസ്സ് അധികാരത്തിൽ എത്തണം..അതിനായി എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർടിക്ക് വേണ്ടി ചെയ്യും.. ആര് മുഖ്യമന്ത്രി ആയാലും എനിക്ക് അടുപ്പമുള്ള ഒരാൾ ആവും എന്നത് എന്റെ വ്യക്തിപരമായ സന്തോഷം. 

ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പബ്ലിസിറ്റി, മാന്യമായി ജീവിക്കാൻ ഉള്ള സാമ്പത്തിക ഭദ്രത, ധാരാളം രാഷ്ട്രീയ ബന്ധങ്ങളും ഉള്ള എനിക്ക് എന്റെ ഭാവി സുരക്ഷിതമായി മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള മാർഗം അറിയാം. ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ചു അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ്സ് ജയിപ്പിക്കട്ടെ. ഒരു വാർത്തയും എന്റെ അറിവിൽ വരുന്നതല്ല. എന്നോടുള്ള സ്നേഹം കൊണ്ട് വരുന്ന വാർത്തയുമല്ല. അന്തം കമ്മികൾ ഭയക്കണ്ട..

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming