മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. നിരവധി സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചതിലൂടെയുണ്ടായ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജു മേനോന്‍ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

"നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്‍റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്‍റെ ഭാഗ്യവാനാക്കുന്നത്. ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍", സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ദമ്പതികളുടെ ചിത്രം ആലേഖനം ചെയ്ത ഒരു കേക്കിന്‍റെ ഫോട്ടോയാണ് സംയുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി എത്തി. മേഘമല്‍ഹാര്‍ കഴിഞ്ഞതിനുശേഷമാണ് ജീവിതത്തില്‍ ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു സംയുക്തയുടെ തീരുമാനം. അതേസമയം ബിജു മേനോന്‍ തിരക്കുള്ള അഭിനേതാവായി തുടരുകയാണ്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.