അന്തര്‍ദേശീയ ചലച്ചിത്രമേളകളിലെ മലയാള സിനിമകളുടെ പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ടും' ഗീതു മോഹന്‍ദാസിന്റെ 'മൂത്തോനും' വിദേശ ചലച്ചിത്രമേളയിലാണ് പ്രീമിയര്‍ ഷോകള്‍ നടത്തിയത്. ടൊറന്റോ ഫെസ്റ്റിവലിലായിരുന്നു ഇരുചിത്രങ്ങളുടെയും ആദ്യ പ്രദര്‍ശനങ്ങള്‍. ഇപ്പോഴിതാ മറ്റൊരു മലയാളചിത്രം കൂടി വിദേശമേളയില്‍ ആദ്യപ്രദര്‍ശനം നടത്താന്‍ ഒരുങ്ങുന്നു. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'ബിരിയാണി'യാണ് വിദേശ ചലച്ചിത്രമേളയില്‍ പ്രീമിയര്‍ നടത്താനൊരുങ്ങുന്നത്.

ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഏഷ്യാറ്റിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഏഷ്യാറ്റിക്ക ഫെസ്റ്റിവലിന്റെ ഇരുപതാമത് പതിപ്പ് ഒക്ടോബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയാണ് നടക്കുന്നത്. മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിരിയാണി ഉള്‍പ്പെടെ ഏഴ് സിനിമകളാണ് മത്സരത്തിനുള്ളത്. 

കനി കുസൃതി പ്രധാന കഥാപാത്രം ഖദീജയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജെ ഷൈലജ, സുര്‍ജിത്ത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ജയചന്ദ്രന്‍, ശ്യാം റെജി, മൈത്രേയന്‍ എന്നിവരോടൊപ്പം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഗായിക പുഷ്പവതിയും അഭിനയിച്ചിരിക്കുന്നു.