ഗാനരചയിതാവും കവിയും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ (Sreekumaran Thampi) ജന്മദിനമാണ് ഇന്ന്.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ (Sreekumaran Thampi )ജന്മദിനമാണ് ഇന്ന്. എന്നാല്‍ ജന്മദിനം താൻ ആഘോഷിക്കാറില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തല്‍. ഏറ്റവും ആഘോഷം തനിക്ക് തന്റെ മകനായിരുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.
ശ്രീകുമാരൻ തമ്പിയുടെ മകനും സംവിധായകനുമായ രാജ്‍കുമാര്‍ തമ്പി 2009 മാര്‍ച്ച് 20ന് അകാലത്തില്‍ അന്തരിച്ചിരുന്നു. തന്റെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു രാജ്‍കുമാര്‍ തമ്പിയുടെ മരണം. സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയാായിരുന്നു രാജ്‍കുമാര്‍ തമ്പിയെ. ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് താൻ അന്ന് അനുഭവിച്ചത് എന്ന് ശ്രീകുമാരൻ തമ്പി പിന്നീട് പറഞ്ഞിരുന്നു. ശ്രീകുമാരൻ തമ്പി താൻ ജന്മദിനം ആഘോഷിക്കാറില്ല എന്നാണ് സാമൂഹ്യമാധ്യമത്തില്‍ എഴുതിരിക്കുന്നത്. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. തന്റെ ഏറ്റവും വലിയ ആഘോഷം തന്റെ മകൻ ആയിരുന്നുവെന്നും ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നു.
വിദ്യാഭ്യാസ കാലത്തുതന്നെ കവിതാ രചനയില്‍ സമ്മാനങ്ങള്‍ സ്വന്തമാക്കി സാഹിത്യലോകത്തേയ്‍ക്ക് വരവറിയിച്ചിരുന്നു ശ്രീകുമാരൻ തമ്പി. കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ പഠനകാലത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. ശ്രീകുമാരൻ തമ്പി തന്റെ ഇരുപതാം വയസ്സില്‍ 'ഒരു കവിയും കുറേ മാലാഖമാരും' എന്ന കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിംങ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട് അസിസ്‌റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്തേക്ക് എത്തുകയായിരുന്നു.
മുപ്പത് തികയും മുന്നേ മലയാള ചലച്ചിത്ര ഗാനലോകത്ത് തന്റെ പേര് ഉറപ്പിച്ചിരുന്നു ശ്രീകുമാരൻ തമ്പി. 'ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ' എന്ന് എഴുതുമ്പോള്‍ കേവലം 27 വയസ് മാത്രം പ്രായാം. തൊട്ടടുത്ത വര്‍ഷം 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം' എന്ന എവര്‍ഗ്രീൻ ഹിറ്റെഴുതി. 'മേഘം പൂത്തു തുടങ്ങി മോഹം പെയ്‍തു തുടങ്ങി' എന്നതടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പിയുടേതായി ഇന്നും ജനം ഏറ്റു പാടുന്നു. 'ഉണരുമീ ഗാനം', 'ഒന്നാം രാഗം പാടി', 'ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടി', 'സന്ധ്യക്കെന്തിന് സിന്ദൂരം', തുടങ്ങി എത്രയത്ര ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ എഴുത്തില്‍ കാലത്തെ അതിജീവിക്കുന്നത്.
പ്രണയപ്പാട്ടെഴുത്തില്‍ അതികായകനായി സിനിമയില്‍ ശ്രീകുമാരൻ തമ്പി വിരാജിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സാരം വെളിവാക്കുന്ന അര്‍ഥ പൂര്‍ണതയുള്ള വരികളും അദ്ദേഹത്തില്‍ നിന്ന് മലയാളം കേട്ടു. 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാൻ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാൻ നിഴല്‍ മാത്രം', 'ബന്ധുവാര്, ശത്രുവാ'ര് എന്നെഴുതി ജീവിതത്തിന്റെ അര്‍ഥത്തെ തിരയുകയും ചെയ്‍തു ശ്രീകുമാരൻ തമ്പി. ശ്രീകുമാര്‍ തമ്പി എഴുതിയ പാട്ടുകളില്‍ ഹിറ്റുകളുടെ എണ്ണം തിരഞ്ഞാല്‍ ഒറ്റയോര്‍മയില്‍ വരില്ല. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ മറ്റേതേലും ഗാനരചയിതാവിന്റേതാകും എന്ന് കരുതിപ്പോന്നവരും കുറവല്ല. എന്തായാലും മലയാള സിനിമ ഗാനരംഗത്ത് ശ്രീകുമാരൻ തമ്പി ഒന്നാം പേരുകാരില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം സിനിമ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്.
ശ്രീകുമാരൻ തമ്പിയെ കവിതയില്‍ മാത്രം തിരഞ്ഞാല്‍ അത് നീതിയാകില്ല. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. 'ഗാനം', 'ജയിക്കാനായി ജനിച്ചവൻ', 'ആക്രമണം', 'ഉദയം', 'ചട്ടമ്പിക്കല്യാണി', 'സ്വാമി അയ്യപ്പൻ', 'മോഹിനിയാട്ടം' തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.
ശ്രീകുമാരൻ തമ്പി സിനിമയ്‍ക്ക് വേണ്ടി എഴുതിയ തിരക്കഥകള്‍ തന്നെ എഴുപത്തിയെട്ടെണ്ണമുണ്ട്. കൂടാതെ ഇരുപത്തിരണ്ട് സിനിമകളും ശ്രീകുമാരൻ തമ്പി നിര്‍മിച്ചു. ആറ് ടെലിവിഷൻ സീരിയലുകളും ശ്രീകുമാരൻ തമ്പിയുടെ നിര്‍മാണത്തിലെത്തി. 'കാക്കത്തമ്പുരാട്ടി', 'കുട്ടനാട്' എന്നീ നോവലുകളും ശ്രീകുമാരൻ തമ്പിയുടേതാണ്. 'എഞ്ചിനീയറുടെ വീണ', 'നീലത്താമര', 'എൻ മകൻ കരയുമ്പോള്‍', 'ശീർഷകമില്ലാത്ത കവിതകൾ' എന്നിവയാണ് കവിതാ സമാഹാരങ്ങള്‍.
Read More : 'ആ നോട്ടം ഒരിക്കലും മറക്കാനാകില്ല', നെടുമുടി വേണുവിനെ കുറിച്ച് ശ്രീകുമാരൻ തമ്പി- വീഡിയോ
പല മേഖലകളിലായി സിനിമയ്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ജെ സി ഡാനിയേൽ പുരസ്‍കാരം നല്‍കി കേരള സര്‍ക്കാര്‍ ശ്രീകുമാരൻ തമ്പിയെ ആദരിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ 'സിനിമ- കണക്കും കവിതയും' എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡു നേടിയിട്ടുണ്ട്. 'സുഖമെവിടെ ദുഃഖമെവിടെ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവലാര്‍ഡ് ലഭിച്ചു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍ത 'ഗാന'ത്തിന് 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചു. മികച്ച ഗാനരചയിതാവിനുള്ള സിനിമാ അവാര്‍ഡ് സംസ്ഥാന തലത്തില്‍ 2011ലും ലഭിച്ചു. ആശാൻ പുരസ്ക്കാരവും ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ ശ്രീകുമാരൻ തമ്പിയെ തേടിയെത്തിയിട്ടുണ്ട്.
