മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' എന്ന സ്പോർട്സ് ഡ്രാമയിൽ ധ്രുവ് വിക്രം കബഡി താരമായി എത്തുന്നു. അനുപമ പരമേശ്വരനാണ് നായിക. ലാൽ, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
'വാഴൈ' എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന 'ബൈസൺ' എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരനാണ് ധ്രുവ് വിക്രമിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷണൽ പരിപാടിക്കിടെ ധ്രുവ് വിക്രം പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മുൻപ് രണ്ട് സിനിമകളിൽ നായകനായി എത്തിയിരുന്നെങ്കിലും ബൈസൺ ആണ് തന്റെ ആദ്യ സിനിമയെന്നും അതുകൊണ്ട് തന്നെ മറ്റുള്ള രണ്ട് സിനിമകൾ കണ്ടില്ലെങ്കിലും ഈ സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു ധ്രുവ് വിക്രം പറഞ്ഞത്.
"എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ബൈസൺ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്." ധ്രുവ് വിക്രം പറഞ്ഞു.
സ്പോർട്സ് ഡ്രാമ
സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ധനുഷ് നായകനായി വേഷമിടുന്ന ഒരു ചിത്രവും മാരി സെല്‍വരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്.'മഹാൻ' എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്‍തത്.


