സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. ബെസ്റ്റ് ഡീല്‍ ടിവി കമ്പനി വഴി പണം തട്ടിയെന്ന വ്യവസായിയുടെ പരാതിയിലാണ് നടപടി. നേഹ ദൂപിയ, ബിപാഷ ബസു തുടങ്ങിയവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് സൂചന 

സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് സൂചന നല്‍കി അന്വേഷണ സംഘം. ഇന്നലെ ശില്‍പയുടെ വീട്ടിലെത്തി നാലര മണിക്കൂര്‍ ചോദ്യം ചെയ്ത മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യമന്വേഷിക്കുന്ന സംഘം നിരവധി തെളിവുകൾ ശേഖരിച്ചു. കൂടുതല്‍ കൃത്യതക്കായി ചില ബോളിവുഡ് നടിമാരെ കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം

ശില്‍പ്പ ഷെട്ടിയുടെയെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും ഉമടസ്ഥതയിലുള്ള ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടിൽ വ്യവസായിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. മുംബൈ ആസ്ഥാനമായുള്ള വ്യവസായി ദീപക് കോത്താരി ഈ വര്‍ഷം ആഗസ്റ്റ് 14നാണ് ജുഹു പോലീസില്‍ പരാതി നല്‍കുന്നത്. 2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന പണം വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച് തട്ടിപ്പു നടത്തിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കുന്നില്ലെന്നുമായിരുന്നു പരാതി.

കൂടുതൽ താരങ്ങളെ വിളിപ്പിക്കും

പോലീസ് എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. തുടക്കത്തില്‍ രാജ് കുന്ദ്രയെയും മറ്റ് അഞ്ചുപേരെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും തെളിവ് ശേഖരിച്ച ശേഷമാണ് ഇന്നലെയെത്തി നടിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സാമ്പത്തിക ഇടപാടുകള്‍, കമ്പനിയുടെ മറ്റ് രേഖകൾ തുടങ്ങിയവ പരിശോധിച്ചു. തെളിവുകള്‍ കൂടുതല്‍ പഠിച്ച ശേഷം ഇനിയും ചോദ്യം ചെയ്യുമെന്നാണ് പോലീസ്‍ നൽകുന്ന വിവരം. നടിമാരായ നേഹ ദൂപിയ, ബിപാഷ ബസു തുടങ്ങിയവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് സൂചന

കുറ്റകൃത്യവുമായി ബന്ധപെട്ട് ശില്പയും രാജ് കുന്ദ്രയും അന്വേഷണം നേരിടുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം സ്വർണ്ണ നിക്ഷേപ പദ്ധതിയില്‍പെടുത്തി പണം തട്ടിയെന്ന് വ്യവസായിയായ പൃഥ്വിരാജ് കോത്താരി ആരോപിച്ചിരുന്നു. 2021 ൽ നീലചിത്രം നിര്‍മ്മിക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ കുന്ദ്ര, ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവും നേരിടുന്നുണ്ട്.

YouTube video player