മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്

സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഒപ്പം ഓണക്കോടിയും സമ്മാനിച്ചു.

വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. 'മാമാങ്കം' നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും മടങ്ങിയത്.

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സിനിമാ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് തനിക്കു വേണ്ടെന്നും നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും. എന്നാല്‍ കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാല്‍ ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. "ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി", മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona