ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസം മുന്‍പാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്‍ഫാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്‍പൂരില്‍ എത്താനായിരുന്നില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുകെയിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ചിത്രം 'അംഗ്രേസി മീഡിയം' അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് മുടങ്ങിയിരുന്നു. തുടര്‍ന്ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡയറക്ട് ഒടിടി റിലീസ് ആയി പ്രദര്‍ശിപ്പിക്കുകയായിരുന്നു ചിത്രം.

'അംഗ്രേസി മീഡിയം' ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്നും അകന്നുനില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഈ ചിത്രത്തിനു ശേഷം പുതിയ സിനിമകളുടെയൊന്നും കരാറില്‍ ഒപ്പിട്ടിട്ടുമില്ല അദ്ദേഹം. ഭാര്യ സുതപ സിക്ദറിനും മക്കള്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലാണ് ഇര്‍ഫാന്‍ ഖാന്‍ താമസിക്കുന്നത്.