ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു രാഷ്ട്രീയ റാലിക്കിടെ
ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്‍വാദി യുവജന്‍ സഭ പ്രസിഡന്‍റ് ആണ് ഫഹദ്. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കര്‍ ജീവിതത്തിലെ സുപ്രധാന കാര്യം ആരാധകരുമായി പങ്കുവച്ചത്.
സ്പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം ജനുവരി 6 ന് ആണ് ഇരുവരും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അൻ്വേഷണം നടത്തും. സ്നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൌഹൃദം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്. പക്ഷേ അത് നിങ്ങളുടേതാണ്, വീഡിയോയ്ക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു. കലാപം ഇത്രയും മനോഹരമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഇതിന് ഫഹദിന്‍റെ മറുപടി. തന്‍റെ കരം പിടിച്ചതിന് നന്ദി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
2009 ല്‍ പുറത്തെത്തിയ 'മധോലാല്‍ കീപ്പ് വാക്കിംഗ്' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് സ്വര ഭാസ്കര്‍. തനു വെഡ്സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.
ALSO READ : 'ഹോം' സംവിധായകന്‍റെ മോഹന്‍ലാല്‍ ചിത്രം? സ്വപ്‍ന പ്രോജക്റ്റിനെക്കുറിച്ച് വിജയ് ബാബു
