Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ പ്രതിസന്ധി: ബോളിവുഡ് സിനിമകളും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് സ്ട്രീമിംഗിന്?

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്‍മി ബോംബ് ആണ് ഡയറക്ട് ഒടിടി റിലീസ് സംബന്ധിച്ച ബോളിവുഡിലെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത്. 

bollywood big films for direct ott release?
Author
Thiruvananthapuram, First Published Apr 25, 2020, 9:03 PM IST

സൂര്യ നിര്‍മ്മിച്ച്, ജ്യോതിക നായികയാവുന്ന 'പൊന്മകള്‍ വന്താല്‍' എന്ന ചിത്രം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമില്‍ നേരിട്ട് റിലീസ് ചെയ്‍തേക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തെത്തിയിരുന്നു. ഇതിനോടുള്ള തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ പ്രതികരണവും പുറത്തെത്തിയിരുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം സൂര്യ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനിമേല്‍ തമിഴ്‍നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഉടമകളുടെ ഭീഷണി. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകളോടൊന്നും സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും തീയേറ്ററുകള്‍ തുറക്കല്‍ അനിശ്ചിതമായി നീണ്ടേക്കും എന്നതിനാല്‍ ബോളിവുഡിലും പല നിര്‍മ്മാതാക്കളും തങ്ങളുടെ ചിത്രങ്ങള്‍ തീയേറ്റര്‍ ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്‍മി ബോംബ് ആണ് ഡയറക്ട് ഒടിടി റിലീസ് സംബന്ധിച്ച ബോളിവുഡിലെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനിയും എത്തുന്ന ചിത്രം ഈദ് റിലീസായി പ്ലാന്‍ ചെയ്‍തിരുന്ന ചിത്രമാണ്. എന്നാല്‍ അതിനുള്ള സാധ്യത വിരളമെന്നിരിക്കെ നിര്‍മ്മാതാക്കള്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറുമായാണ് ലക്ഷ്‍മി ബോംബിന്‍റെ നിര്‍മ്മാതാക്കള്‍ പ്രധാനമായും ചര്‍ച്ച നടത്തുന്നതെന്ന് മിഡ്-ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള റിലീസ് ഉള്ള ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ പോലെയുള്ള ഒരു ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്‍താല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൂടെക്കൂട്ടാമെന്നാണ് നിര്‍മ്മാതാക്കളുടെ വിചാരമെന്നും മിഡ്-ഡെയുടെ റിപ്പോര്‍ട്ടില്‍‌ പറയുന്നു.

ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മറ്റു ചില പ്രധാന ചിത്രങ്ങളും ആരാധകരുടെ ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അക്ഷയ് കുമാറും അജയ് ദേവ്ഗണും ഒരുമിക്കുന്ന സൂര്യവന്‍ശി, സല്‍മാന്‍ ഖാന്‍ ചിത്രം രാധെ എന്നിവയാണ് അത്തരം ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുള്ളത്. എന്നാല്‍ ഇവ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതേസമയം ബിഗ് ബജറ്റ് ചിത്രങ്ങള്‍ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നത് നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്‍ടമുണ്ടാക്കുമെന്നതിനാല്‍ ഇതിന് സാധ്യതയില്ലെന്നും ട്വിറ്റര്‍ ചര്‍ച്ചകളില്‍ ഒരു വിഭാഗം വാദിക്കുന്നുണ്ട്. അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്‍മി ബോംബ് തങ്ങള്‍ക്ക് തീയേറ്ററില്‍ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ആരാധകര്‍ ട്വിറ്ററില്‍ ഒരു ക്യാമ്പെയ്‍നും ആരംഭിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios