ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് രഞ്‍ജു രഞ്‍ജിമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍.
കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. ഡോറ എന്ന ബ്രാൻഡിലൂടെ ഒട്ടനവധി പേരെ തൊഴിലിലേക്കും നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇന്ന് രഞ്ജു. എന്നാൽ ഈ നിലയിലേക്ക് എത്താൻ അവർ നടത്തിയ യാത്രകൾ ഏറെ ദുർഘടവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. അക്കാര്യം പലപ്പോഴും രഞ്ജു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരഭിമുഖത്തിൽ രഞ്ജു ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സർജറി തനിക്ക് ജീവൻ മരണ പോരാട്ടം പോലെയായിരുന്നെന്ന് രഞ്ജു പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രഞ്ജു മനസ് തുറന്നത്.
''ഒരു സ്ത്രീ അനുഭവിക്കുന്ന പ്രസവ വേദന ലോകത്താർക്കു പറഞ്ഞാലും മനസിലാകില്ല. അത് അനുഭവിക്കുക തന്നെ വേണം. അതുപോലെയാണിതും. സർജറിക്കു ശേഷം ഞാൻ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോർമോണൽ ഇംബാലൻസ്, എല്ലിന്റെ പ്രശ്നങ്ങൾ, ഹാർട്ട്, ലിവർ പ്രശ്നങ്ങൾ എന്നിവയെല്ലാം. കാരണം സർജറിക്ക് ശേഷം ഞാനൊരുപാട് ഹോർമോൺ എടുക്കുന്നുണ്ട്.
സിനിമാ രംഗത്തേക്ക് വന്നപ്പോൾ എനിക്ക് ഒരുപാട് സ്ട്രഗിൾ ഉണ്ടായിരുന്നു. ആ സമയത്ത് ഒരു സംരക്ഷണവും ഇല്ല. ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ പോലും തരില്ല. അവിടെ പോയി വെള്ളമെടുത്ത് കുടിക്ക് എന്ന് പറയും. ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് പാത്രം നീട്ടുമ്പോൾ എടുത്ത് കഴിച്ചോ എന്ന് പറയും. നമ്മൾക്കെതിരെയിരുന്ന് കഴിക്കുന്നവർ നമ്മളെ ഇറിറ്റേറ്റ് ചെയ്ത് കളിയാക്കും. നാളെ നീ എനിക്ക് ചായ എടുത്ത് തരും. ഒരു ദിവസം വരും. അന്ന് നീ എനിക്ക് ഭക്ഷണം കാരവാനിൽ കൊണ്ട് തരും എന്ന് ഞാൻ ചുമ്മാ പറയുമായിരുന്നു. കർമ എന്നൊന്നുണ്ടെന്ന് എന്റെ ജീവിതാനുഭവങ്ങളിൽ നിന്നും മനസിലായിട്ടുണ്ട്'', രഞ്ജു രഞ്ജിമാർ പറഞ്ഞു.
