ആ സിനിമയുടെ വലിയ വിജയം കരിയറിന് ഗുണം ചെയ്തെന്നും ഓരോ സിനിമയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിൽ സംതൃപ്തയാണെന്നും നിഖില വിമൽ പറയുന്നു. 

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി നിഖില വിമൽ അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ജോ ആൻറ് ജോ, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങീ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നിഖിലയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. മാരി സെൽവരാജ് ചിത്രം 'വാഴൈ' എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

നിഖില വിമൽ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം 'പെണ്ണ് കേസ്' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമകൾ സംബന്ധിച്ച തന്റെ തിരഞ്ഞെടുപ്പകളെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. തനിക്ക് ഏറ്റവും കൂടുതൽ വിമർശനം കിട്ടിയിട്ടുള്ള കഥാപാത്രമാണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലേത് എന്നും, എന്നാൽ തന്റെ കരിയറിന് ആ സിനിമ ഗുണം മാത്രമേ ചെയ്തിട്ടുള്ളുവെന്നും നിഖില വിമൽ പറയുന്നു.

"ചുറ്റുമുള്ളവരിൽ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ശരിയാകണമെന്നില്ല. കൊച്ചിയിലേക്ക് മാറിയാല്‍ സിനിമ കിട്ടും, പിആര്‍ ചെയ്താല്‍ സിനിമ വരും എന്നൊക്കെയാണ് പറയുക. പക്ഷെ അങ്ങനൊന്നുമല്ല സിനിമ വരുന്നത്. നമുക്ക് സിനിമ വരുന്നത് നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ നിന്നാണ്. എനിക്ക് ഇന്ന് സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. അത് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. ചിലര്‍ മറ്റുള്ളവരുടെ കരിയര്‍ ചോയ്‌സുകള്‍ കണ്ടില്ലേ എന്ന് ചോദിക്കും. അത് അവരുടെ ചോയ്‌സുകളാണ്. ചിലര്‍ക്ക് ചോയ്‌സ് എടുക്കാൻ കഴിയില്ല." നിഖിൽ വിമൽ പറയുന്നു.

"എനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം കിട്ടിയിട്ടുള്ള കഥാപാത്രമാണ് ഗുരുവായൂരമ്പല നടയിലേത്. പക്ഷെ അതൊരു വലിയ സിനിമയാണ്. അതില്‍ എന്നെ പ്ലേസ് ചെയ്യേണ്ടതുണ്ട് എന്നത് ഞാന്‍ തെരഞ്ഞെടുത്തതാണ്. ആ വര്‍ഷത്തെ ഏറ്റവും വലിയ തിയേറ്റര്‍ വിജയങ്ങളിലൊന്നാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. വാഴൈ എനിക്ക് നിരൂപക പ്രശംസ നേടിത്തന്ന സിനിമയാണ്. നിങ്ങള്‍ക്ക് എന്റെ ഏറ്റവും മോശം പ്രകടനം ആയിരിക്കാം ഗുരുവായൂര്‍ അമ്പലനടയില്‍, എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാകും പറയുന്നത്. പക്ഷെ ആ സിനിമ എന്റെ കരിയറിന് തന്നിരിക്കുന്നത് ഗുണങ്ങളാണ്. എല്ലാ സിനിമകളും വിജയിക്കണമെന്നുമില്ല. പക്ഷെ അതില്‍ നിന്നെല്ലാം വീട്ടില്‍ കൊണ്ടു പോകാന്‍ ഒരുപാടുണ്ടാകാം. അത് ചില ആളുകളാകാം. ചില പാഠങ്ങളാകാം. ചിലത് അണ്‍ലേണിങ് ആയിരിക്കും. എനിക്ക് വീട്ടില്‍ കൊണ്ടു പോകാന്‍ തരുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ ഞാന്‍ സന്തുഷ്ടയാണ്." നിഖില വിമൽ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിഖില വിമലിന്റെ പ്രതികരണം.

അതേസമയം നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണ് കേസ്. ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി,അജു വർഗ്ഗീസ് ഇർഷാദ് അലി,അഖിൽ കവലയൂർ,കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ,ജയകൃഷ്ണൻ,പ്രവീൺ രാജാ, ശിവജിത്,കിരൺ പീതാംബരൻ,ഷുക്കൂർ,ധനേഷ്,ഉണ്ണി നായർ,രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ,അനാർക്കലി,ആമി,സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

YouTube video player