പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ഇന്ത്യയൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോളിവുഡിലെ ഒരുവിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍. പ്രതിഷേധം ആരംഭിച്ച ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങളുമായെത്തിയ നിരവധി താരങ്ങളും സംവിധായകരും മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ഇന്ന് വൈകിട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി.

ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.

'ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയില്‍, ഇവിടെ ജനിച്ച് ഇന്ത്യ എന്ന ആശയത്തില്‍ വളര്‍ന്നുവന്ന ഒരാളെന്ന നിലയില്‍ ഇപ്പോള്‍ എന്റെ ശബ്ദം ഉയര്‍ത്തുക പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എല്ലാം ശരിയായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം ജനം തെരുവില്‍ ഇറങ്ങിയത്? മുംബൈയില്‍ മാത്രമല്ല, ദില്ലിയിലും അസമിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ?', ഫര്‍ഹാന്‍ അക്തര്‍ ചോദിച്ചു.

'ഈ കളി അവസാനിപ്പിക്കുക. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങളോട് പറയുക. ഞങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും തരിക. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കായി പുതിയ നയങ്ങള്‍ ഉണ്ടാവുമെന്നാണ് നിങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷേ അധികാരത്തിലേറിയപ്പോള്‍ നിങ്ങള്‍ പറയുന്നു ഞങ്ങള്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ പോവുകയാണെന്ന്', പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവെ ജാവേദ് ജെഫ്രി പറഞ്ഞു.