രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും പ്രതീക് പറഞ്ഞു. 

മുംബൈ: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി. 'ഭവായി' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് നായകന്‍ പ്രതീക് ഗാന്ധി പറഞ്ഞു. 

സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണവും നടന്നിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് പ്രതീക് ഗാന്ധി പറഞ്ഞു. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. രാമലീല കലാകാരന്മാരായ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നതെന്നും താരം പറഞ്ഞതായി ഹിന്ദുസ്ഥാന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും പ്രതീക് പറഞ്ഞു. ഹാര്‍ദിക് ഗജ്ജാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയിന്ത്രിത റോയി, രാജേന്ദ്ര ഗുപ്ത, രാജേഷ് ശര്‍മ, അഭിമന്യു സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona