കൊച്ചി: 'മഹാഭാരതം' സിനിമ ചെയ്യുമെന്ന നിലപാടിലുറച്ച് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. എന്നാല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയല്ല ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്നും മഹാഭാരതത്തിനായി പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യകതമാക്കി. 

എം ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരില്‍ മഹാഭാരതം സിനിമ മുടങ്ങിയിട്ടില്ലെന്നാണ് ബി ആര്‍ ഷെട്ടി വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും ഷെട്ടി വ്യക്തമാക്കി. 

‘എന്റെ ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും എം ടിയും തമ്മിലുള്ള നിയമ പ്രശ്‌നങ്ങളില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാനവരുമായി അകന്നു കഴിഞ്ഞു.  പുതിയ പ്രോജക്റ്റിനായി ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്‌നങ്ങള്‍ നേരിടാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ പദ്ധതിയിട്ടതു പോലെ അബുദാബിയില്‍ ചിത്രീകരണം നടക്കും'- ബി ആര്‍ ഷെട്ടി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പാണ് എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന്  സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്.  ആയിരം കോടിയോളം ചിത്രത്തിനായി ചെലവഴിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ചിത്രത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചില്ല. തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. ഇതോടെയാണ് മഹാഭാരതം സിനിമ അനിശ്ചിതത്വത്തിലായത്. എന്നാല്‍ ബി ആര്‍ ഷെട്ടിയുടെ പ്രഖ്യാപനം ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുകയാണ്.