അച്ഛൻ- മകൻ സംഭാഷണ രീതിയിലാണ് ടൈറ്റിൽ സോംഗ് തയ്യാറാക്കിയിരിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകൻ.
മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'(Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജോണിന്റെ മകനായ 'ഈശോ കാറ്റാടി'യായി എത്തിയത് പൃഥ്വിരാജുമാണ്. അച്ഛൻ- മകൻ സംഭാഷണ രീതിയിലാണ് ടൈറ്റിൽ സോംഗ് തയ്യാറാക്കിയിരിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകൻ. ജോൺ കാറ്റാടിയുടെ ചെറിയൊരു കഥയും പാട്ടിൽ കാണാനാകും.
"അച്ഛനും മകനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് സോങ് ആണ് ഇത്. അതിൽ പാട്ടു പാടാൻ ആരെ വെക്കും എന്നത് ഒരു വലിയ ചോദ്യചിന്നമായിരുന്നു. പൃഥ്വിയെ എനിക്ക് കുറച്ചു വർഷമായി പരിചയമുള്ളതുകൊണ്ട് ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാൽ അതൊഴിച്ച് ബാക്കിയെല്ലാം ചെയ്യും, അത് പറ്റില്ല എന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാൻ മനഃപൂർവ്വം എന്റെ ആഗ്രഹം അറിയിച്ചില്ല. ഇനി പൃഥ്വി തന്നെ അത് ചെയ്യാം എന്ന് പറഞ്ഞാൽ അത് വേണ്ട എന്ന് പറയാം എന്നും ഞാൻ കരുതി. പൃഥ്വി തന്നെയാണ് പറയുന്നത് താനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന്. അങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നത്. ചെയ്തു വന്നപ്പോൾ ഇവരെ രണ്ടുപേരേക്കാളും നല്ലൊരു കോമ്പിനേഷൻ വേറെ ഇല്ല എന്നുതന്നെ തോന്നി", എന്ന് ദീപക് ഈ ഗാനത്തെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നു.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.
