യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'ബ്രോമാൻസ്' പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ഒടിടിയിൽ എത്തി. ഫെബ്രുവരി 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു.

കൊച്ചി: യുവതാര നിരയെ അണിനിരത്തി ഒരുക്കിയ ബ്രോമാൻസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ഒടിടിയില്‍ എത്തി. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, പ്രേമലു ഫെയിം സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിങ്ങനെ വലിയ താരനിര അഭിനയിക്കുന്ന ചിത്രം അരുൺ ഡി. ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. 14 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 14.75 കോടി നേടിയതായി കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടയാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. മെയ് 1 ന് പ്രദര്‍ശനം ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഏപ്രില്‍ 30ന് തന്നെ ചിത്രം എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. 

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗോവിന്ദ് വസന്തയുടേതാണ് ചിത്രത്തിന്‍റെ സംഗീതം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ഷിന്‍റോയും ബിന്‍റോയും സഹോദരങ്ങളാണ്. പഞ്ചായത്തിലെ എലിജിബിള്‍ ബാച്ചിലറായി തുടരുന്ന ഷിന്‍റോയുടെ അനിയന്‍ എന്ന പദവിയാണ് ബിന്‍റോ. അതിന്‍റെ എല്ലാ നിരാശയും സങ്കടവും ബിന്‍റോയില്‍ ഉണ്ട്. അതിനാല്‍ നാട്ടുകാരും വീട്ടുകാരും ഷിന്‍റോയെ കണ്ട് പഠിക്ക് എന്ന് പറയുന്നു. എന്നാല്‍ ബിന്‍റോയുടെ ഈ പ്രശ്നങ്ങള്‍ തിരച്ചറിയുന്നുണ്ട്. 

ഒരു പുതുവത്സര രാവില്‍ ഷിന്‍റോയുടെ സുഹൃത്ത് ഷബീര്‍ ബിന്‍റോയെ വിളിച്ച് ഷിന്‍റോയെ കാണാനില്ല എന്ന പറയുന്നതോടെയാണ് കഥയുടെ ആരംഭം. അങ്ങനെ പുതുവര്‍ഷ ദിനത്തില്‍ കൊച്ചിയില്‍ ബസിറങ്ങുന്ന ബിന്‍റോ നേരിടേണ്ട പ്രതിസന്ധികളും അതിലേക്ക് വന്നു ചേരുന്ന ഹാക്കറായ ഹരിഹര പുത്രനും, കൊറിയര്‍ ബാബുവും, ഡന്‍റിസ്റ്റായ ഐശ്വര്യയും എല്ലാം ചേര്‍ന്നുള്ള ഒരു ഫണ്‍ റൈഡാണ് ചിത്രം എന്നാണ് റിവ്യൂകള്‍ വന്നത്. 

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ

കോസ്‌റ്റ്യൂം - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജീവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഒ - റിൻസി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.