Asianet News MalayalamAsianet News Malayalam

'എപ്പോഴും ജോലിത്തിരക്കുകളിലായിരുന്നു ഞാന്‍, രാജ് എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞില്ല'; പൊലീസിനോട് ശില്‍പ ഷെട്ടി

രാജ് കുന്ദ്ര, വിയാന്‍ ഇന്‍ഡസ്ട്രീസ് ഐടി ഹെഡ് റ്യാന്‍ തോര്‍പ്പ് അടക്കം 11 പേരെ ജൂലൈ 19നാണ് മുംബൈ പൊലീസിന്‍റെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‍തത്

busy with my work didn't know what raj kundra was upto says shilpa shetty to police
Author
Thiruvananthapuram, First Published Sep 16, 2021, 6:12 PM IST

രാജ് കുന്ദ്ര പ്രതിയായ അശ്ലീലചിത്ര നിര്‍മ്മാണക്കേസില്‍ അനുബന്ധ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ച് മുംബൈ പൊലീസ്. 1400 പേജുകളുള്ള ചാര്‍ജ് ഷീറ്റില്‍ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടെ പേര് മറ്റ് 42 സാക്ഷികള്‍ക്കൊപ്പമാണ്. താന്‍ എപ്പോഴും ജോലിത്തിരക്കുകളിലായിരുന്നെന്നും രാജ് എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ശില്‍പ മൊഴി നല്‍കിയതായാണ് ചാര്‍ജ് ഷീറ്റില്‍.

"2015ലാണ് രാജ് കുന്ദ്ര വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ ഞാന്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഞാന്‍ അതില്‍ നിന്നു രാജിവച്ചത്. ഹോട്ട്ഷോട്ട്സ്, ബോളിഫെയിം എന്നീ ആപ്പുകളെക്കുറിച്ച് (നിര്‍മ്മിച്ച അശ്ലീലചിത്രങ്ങള്‍ രാജ് കുന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍) എനിക്ക് അറിയില്ലായിരുന്നു. ജോലി സംബന്ധമായ തിരക്കുകളിലായിരുന്നു എപ്പോഴും ഞാന്‍. അതിനാല്‍ത്തന്നെ രാജ് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു", ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞു. ഹോട്ട്ഷോട്ട്സ് എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്‍തതിനു ശേഷമാണ് ബോളിഫെയിം എന്ന ആപ്പ് അവതരിപ്പിക്കപ്പെട്ടത്. സ്വന്തം ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അശ്ലീലചിത്ര നിര്‍മ്മാണത്തിനായി രാജ് കുന്ദ്ര ഉപയോഗിച്ചിരുന്നതെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

രാജ് കുന്ദ്ര, വിയാന്‍ ഇന്‍ഡസ്ട്രീസ് ഐടി ഹെഡ് റ്യാന്‍ തോര്‍പ്പ് അടക്കം 11 പേരെ ജൂലൈ 19നാണ് മുംബൈ പൊലീസിന്‍റെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‍തത്. താന്‍ നിര്‍മ്മിച്ച ഉള്ളടക്കം അശ്ലീലചിത്രമല്ലെന്നും മറിച്ച് 'ഇറോട്ടിക്ക' വിഭാഗത്തില്‍ പെടുന്നതാണെന്നുമായിരുന്നു രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ അടക്കം ഇത്തരം ഉള്ളടക്കം ഉണ്ടെന്നും. ഇന്ത്യയിലെ സൈബര്‍ നിയമങ്ങളെ മറികടക്കാന്‍ രാജ് കുന്ദ്രയും സഹോദരനും ചേര്‍ന്ന് യുകെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്‍തെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

അതേസമയം രാജ് കുന്ദ്ര കേസില്‍ പൊലീസ് അനുബന്ധ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതായ വാര്‍ത്തകള്‍ വരുന്നതിനിടെ ശില്‍പ ഷെട്ടി ജമ്മു കശ്‍മീരിലെ കത്രയിലുള്ള മാതാ വൈഷ്‍ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചു. ഇതിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവാണ് നിലവില്‍ ശില്‍പ ഷെട്ടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ഹംഗാമ 2 ആണ് ശില്‍പയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios