Asianet News MalayalamAsianet News Malayalam

Cannes 2022 : നീചാ നഗര്‍ മുതല്‍ മസാന്‍ വരെ; കാനില്‍ പുരസ്‍കൃതമായ ഇന്ത്യന്‍ ചിത്രങ്ങള്‍

ഇക്കൊല്ലം കാനിൽ മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രങ്ങളില്ല. പക്ഷേ അതിനർത്ഥം ഇന്ത്യയുടെ സിനിമാ പതാക കാനിൽ ഉയർന്നു പറക്കുന്നില്ല എന്നുമല്ല

cannes 2022 neecha nagar to masaan indian films awarded at cannes
Author
Thiruvananthapuram, First Published May 23, 2022, 7:56 PM IST

ഇന്ത്യന്‍ സിനിമയുടെ ആദ്യ കാന്‍ (Cannes) പുരസ്‍കാരം 1946ല്‍ ആയിരുന്നു. ചേതന്‍ ആനന്ദിന്‍റെ സംവിധാനത്തിലെത്തിയ നീചാ നഗര്‍ ആയിരുന്നു ചിത്രം. ഗ്രാന്‍ഡ് പ്രീ പുരസ്‍കാരമാണ് ചിത്രം നേടിയത്. ഇന്ന് പാം ഡി ഓർ എന്ന് അറിയപ്പെടുന്ന ആ വലിയ ബഹുമതി ചേതൻ ആനന്ദ് പങ്കുവെച്ചത് സാക്ഷാൽ ഡേവിഡ് ലീനുമായിട്ടായിരുന്നു. ലീനിന്റെ Brief Encounters ആണ് അന്ന് പുരസ്കാരവേദിയിൽ ആദരിക്കപ്പെട്ടത്. കാമിനി കൗശലും സോറ സെഹ്ഗാളും റഫീഖ് അൻവറുമാണ് നീചാ നഗറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിലെ ഉച്ചനീചത്വം പ്രമേയമാക്കിയ സിനിമ ഇന്ത്യയിൽ പ്രദർശിക്കപ്പെട്ടിരുന്നില്ല. 

പാം ഡി ഓർ പിന്നെ എത്തുന്നത് 1956ൽ ആണ്. സത്യജിത് റേയുടെ പഥേർ പഞ്ചാലിയായിരുന്നു ചിത്രം. അപുവും ദുർഗയും പിന്നെ അവരുടെ ഗ്രാമവും ദാരിദ്ര്യവും ഒരിക്കൽ കൂടി കാനിന്റെ അംഗീകാരം ഇന്ത്യയിലെത്തിച്ചു. ലോകസിനിമയിലെ തന്നെ തലയെടുപ്പുള്ള സിനിമ നേടിയത് മികച്ച മാനവരേഖക്കുള്ള പാം ഡി ഓർ (Palm d’Or for best human document) ആയിരുന്നു. കാൻ മേളയിലെ തലയെടുപ്പുള്ള മറ്റൊരു അംഗീകാരം, പ്രീ ഇന്റർനാഷണൽ 1954ൽ തന്നെ ഇന്ത്യൻ സിനിമക്ക് കിട്ടിയിരുന്നു. എക്കാലത്തേയും ക്ലാസിക്കായ ദോ ബീഗാ സമീൻ എന്ന ബിമൽ റോയ് ചിത്രത്തിലൂടെ. പാടം ചതിച്ചപ്പോൾ പട്ടണത്തിലെത്തിയ കുടുംബത്തിന്റെ അതിജീവനം പറഞ്ഞ സിനിമ എന്നും സിനിമാകൗതുകികൾക്ക് പ്രിയപ്പെട്ടതാണ്. കൊൽക്കത്തയിൽ റിക്ഷ വലിച്ചു ശീലിച്ച ബൽരാജ് സാഹ്നിയുടെ ആത്മസമർപ്പണം എന്നും സിനിമാപ്രേമികൾക്ക് പാഠപുസ്തകവും. 

cannes 2022 neecha nagar to masaan indian films awarded at cannes

 

1954ൽ മറ്റൊരു കാൻ അംഗീകാരം കൂടി ഇന്ത്യയിലെത്തിയിരുന്നു. ബൂട്ട് പോളിഷ് എന്നചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് ബാലതാരം നാസ് സ്പെഷ്യൽ പുരസ്കാരം നേടി. രാജ് കപൂർ നിർമിച്ച് പ്രകാശ് അറോറ സംവിധാനം ചെയ്ത ചിത്രം തെരുവുകളിൽ ഭിക്ഷ യാചിച്ച് ജീവിക്കേണ്ടി വന്ന രണ്ട് അനാഥക്കുട്ടികളുടെ കഥയാണ്. ഇന്ത്യൻ സിനിമയിലെ മറ്റൊരു ചരിത്രവ്യക്തിത്വം മൃണാൾ സെൻ സംവിധാനം ചെയ്ത ഖരീജ് 1983ൽ കാൻമേളയിൽ സ്പെഷ്യ‍ൽ ജൂറി പുരസ്കാരം നേടി. വീട്ടുജോലിക്ക് നിന്ന ബാലനെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഒരു ഇടത്തരം കുടുംബം നേരിടുന്ന വിവിധ പ്രതിസന്ധികളും മാനസികസമ്മർദവുമാണ് സിനിമയുടെ പ്രമേയം. 

മീര നായരുടെ സലാം ബോംബെ 1988ലും മുരളി നായരുടെ മരണസിംഹാസനം 1999ലും  കാമറ ഡി ഓർ പുരസ്കാരംനേടി. ഷാജി എൻ കരുണിന്റെ  പിറവിക്ക് 89ൽ കാമറ ഡി ഓർ വിഭാഗത്തിൽ പ്രത്യേകപുരസ്കാരം കിട്ടി. സലാം ബോംബെക്ക് അക്കൊല്ലത്തെ ഓഡിയൻസ് അവാർഡും കിട്ടിയിരുന്നു. ഗോൾ‍ഡൻ കാമറ എന്നർത്ഥം വരുന്ന കാമറ ഡി ഓർ പുരസ്കാരം മികച്ച ഫീച്ചർ ഫിലിമിന് കാനിൽ നൽകുന്ന അംഗീകാരങ്ങളിൽ ഒന്നാണ്. നിരവധി ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ സിനിമകളാണ് ഇവ മൂന്നും. 

cannes 2022 neecha nagar to masaan indian films awarded at cannes

 

റിതേഷ് ബത്ര ഒരുക്കിയ ലഞ്ച് ബോക്സ് 2013ൽ ഗ്രാൻഡ് റെയ്ൽ ഡി ഓർ അഥവാ ക്രിട്ടിക്സ് വീക്ക് വ്യൂവേഴ്സ് ചോയ്സ് പുരസ്കാരം നേടിയിരുന്നു. തെറ്റിയെത്തുന്ന ഒരു ചോറ്റുപാത്രത്തിന്റെ അപ്പുറവും ഇപ്പുറവും നിന്ന് ഒറ്റയാനായ അവിവാഹിതനും അതൃപ്തയായ ഒരു വീട്ടമ്മയും അടുപ്പത്തിലാവുന്നത് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റിയതിനുള്ള അംഗീകാരമായി. നീരജ് ഗെയ്വാൻ സംവിധാനം ചെയ്ത മസാൻ 2015ൽ നേടിയത് ഇരട്ടനേട്ടം. ഫിപ്രസ്‍കി പുരസ്കാരവും പ്രോമിസിങ് ഫ്യൂച്ചർ പുരസ്കാരവും. ജാതിവ്യവസ്ഥയും കുടുംബസമ്മർദവും പ്രതീക്ഷാഭാരവുമെല്ലാം പ്രണയത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ലളിതമനോഹരമായി അവതരിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു അത്. മികച്ച ഡോക്യുമെന്ററിക്കുള്ള അംഗീകാരം കഴിഞ്ഞ കൊല്ലം ഇന്ത്യയിലെത്തിയിട്ടുണ്ട്. A Night of Knowing Nothing സംവിധാനം ചെയ്തത് പായൽ കപാഡിയ ആയിരുന്നു. ഇന്ത്യന്‍ സർവകലാശാലകളിലെ വിദ്യാർത്ഥി ജീവിതമാണ് സഹപാഠികൾ തമ്മിലുള്ള കത്തിലൂടെ ഡോക്യമെന്ററി അനാവരണം ചെയ്യുന്നത്. മറ്റ് മേളകളിലും ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററിയാണിത്. 

ഇക്കൊല്ലം കാനിൽ മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രങ്ങളില്ല. പക്ഷേ അതിനർത്ഥം ഇന്ത്യയുടെ സിനിമാ പതാക കാനിൽ ഉയർന്നു പറക്കുന്നില്ല എന്നുമല്ല. ക്ലാസിക് വിഭാഗത്തിൽ സത്യജിത് റേയുടെയും ജി അരവിന്ദന്റേയും സിനിമ, സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ALL THAT BREATHS  എന്ന ഹിന്ദി ഡോക്യുമെന്ററി, പല ഭാഷകളിലായി ആറ് സിനിമകൾ. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് കാനിലും ആദരിക്കപ്പെടുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios