ബംഗളൂരു: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ചലച്ചിത്രം 'സുരാറൈ പോട്ര്' മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. സുധ കൊങ്കറ സംവിധാനം ചെയ്ത ചിത്രം സൂര്യയ്ക്ക് മികച്ചൊരു തിരിച്ചുവരവ് നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അതിനിടെ ചിത്രത്തില്‍ പറയുന്ന റിയല്‍ ഹീറോ ചിത്രം കണ്ട് പ്രതികരിച്ചിരിക്കുകയാണ്. എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജിആര്‍ ഗോപിനാഥിന്‍റെ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ഉപജീവിച്ചാണ് 'സുരാറൈ പോട്ര്' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 

അദ്ദേഹം ട്വിറ്ററിലൂടെയാണ് 'സുരാറൈ പോട്ര്' കണ്ടതിന്‍റെ അഭിപ്രായം 5 ട്വീറ്റുകളിലൂടെ എഴുതിയിരിക്കുന്നത്.ഇന്നലെ രാത്രിയാണ് ചിത്രം കണ്ടത്, എന്‍റെ പുസ്തകത്തിന്റെ കഥയുടെ യഥാർത്ഥ സത്ത ചോര്‍ന്നു പോകാതെയാണ് ചിത്രം എടുത്തിരിക്കുന്നത്. എന്നാല്‍ വലിയ രീതിയില്‍ ഭാവനാത്മകത ചിത്രത്തില്‍ ഉണ്ട്. ഒരു യഥാർത്ഥ റോളർ കോസ്റ്ററാണ് ഈ ചിത്രം. പല കുടുംബ രംഗങ്ങളിലും, ഓര്‍മ്മകളിലും ചിരിയും കരച്ചിലും അടക്കാന്‍ സാധിച്ചില്ലെന്നും ഇദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു. 

നാടകീയമായാണ് അവതരിപ്പിച്ചിരിക്കുന്നത് പക്ഷെ എല്ലാ തടസ്സങ്ങളും തട്ടിമാറ്റി ഗ്രാമീണനായ ഒരു വ്യക്തി തന്‍റെ സംരംഭം ആരംഭിക്കാന്‍ നടത്തുന്ന പോരാട്ടവും പ്രതീക്ഷയും അതേ സ്പിരിറ്റില്‍ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുവെന്ന് ഗോപിനാഥ് സൂചിപ്പിക്കുന്നു.  എന്റെ ഭാര്യ ഭാർഗവിയുടെ രേഖചിത്രം പോലെയുള്ള അപർണയുടെ വേഷം നന്നായി വന്നിട്ടുണ്ട്. മനോധൈര്യവും, സങ്കോചമോ, ഭയമോ ഇല്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന ഒരു വ്യക്തിയാണ്. 

ശക്തമായ വേഷമാണ് സൂര്യ ചെയ്തത്, സ്വപ്നങ്ങളെ പൂര്‍ത്തികരിക്കാന്‍ ഭ്രാന്തമായ ആവേശം കാണിക്കുന്ന സംരംഭകന്റെ ഭാഗം നന്നായി തന്നെ അദ്ദേഹം ചെയ്തു. വളരെ ദുര്‍ഘടമായ ഇന്നത്തെ അവസ്ഥയില്‍ വളരെ ഉത്തേജനം നല്‍കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. 

സംവിധായിക സുധയ്ക്ക് വലിയൊരു സല്യൂട്ട്, വളരെ പുരുഷ കേന്ദ്രീകൃതമായ ഒരു കഥയില്‍ അപര്‍ണ്ണ ചെയ്ത ഭാര്യ കഥാപാത്രത്തിലൂടെ ഹൃദയം നിറയ്ക്കുന്ന തരത്തിലും പ്രചോദനം നല്‍കുന്ന തരത്തിലും കഥയെ ബാലന്‍സ് ചെയ്തതിന്. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായിരുന്നു. 2003ല്‍ ഇദ്ദേഹം തുടങ്ങിയ എയര്‍ ഡെക്കാനാണ് ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ വിമാനയാത്ര എന്ന ആശയത്തിന് തുടക്കമിട്ടത്.