ഹൈദരബാദ്‌: തെലങ്കാനയില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യത്തെ അപലപിച്ച് രാഷ്ട്രീയ-സമൂഹിക-സാസ്കാരിക പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഇതിനിടെ ബലാത്സംഗം നേരിടാന്‍ സ്ത്രീകള്‍ എടുക്കേണ്ട ചില മുന്‍കരുതലുകളക്കുറിച്ച് യുവസംവിധായകൻ ഡാനിയേല്‍ ശ്രാവണ്‍ നടത്തിയ പരാമർശം വിവാദമാകുകയാണ്.

കോണ്ടം കൈയില്‍ കരുതിയാണ് ലൈംഗികാതിക്രമത്തെ സ്ത്രീകള്‍ നേരിടേണ്ടത്, ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് ഡാനിയേലിന്റെ വിവാദപരാമർശം. 'അക്രമമില്ലാത്ത ബലാത്സംഗം' സര്‍ക്കാര്‍ നിയമാനുസൃതമാക്കുക വഴി മാത്രമെ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും ഡാനിയേൽ ഫേസ്ബുക്കിൽ കുറിച്ചു.

ബലാത്സംഗം ഗുരുതരമായ കാര്യമല്ല. എന്നാൽ, കൊലപാതകം നീതികരിക്കാനാകാത്തതാണ്. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാവുമെന്നും ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവുമെന്നും കരുതുന്നത് വിഡ്ഡിത്തമാണ്. അതുപോലെ നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാനും സാധിക്കില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗത്തെ കുറിച്ച് പഠിപ്പിക്കണം. പ്രധാനമായും 18 വയസ് പൂർത്തിയായ ഇന്ത്യൻ പെൺകുട്ടികളെ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വയ്ക്കുന്നതിനെ കുറിച്ച് ബോധവാൻമാരാക്കണം.

പുരുഷന്മാരുടെ ലൈംഗികാഭിലാഷങ്ങളെ പെൺകുട്ടികൾ നിഷേധിക്കരുത്. അങ്ങനെയാണെങ്കിൽ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ല. ലൈംഗികാഭിലാഷം പൂർത്തിക്കരിച്ചാൽ പിന്നെ പുരുഷൻമാർ സ്ത്രീകളെ കൊലപ്പെടുത്തില്ല. ബലാത്സം​ഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാർ പദ്ധതികൾ പാസ്സാക്കണമെന്നും ഡാനിയേൽ ശ്രാവൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം, തന്റെ പരാമർശം വിവാദമായതോടെ ഡാനിയേൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഡാനിയേലിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്നത്.