കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി പോൺ സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും വിൽക്കുന്നതായി റിപ്പോർട്ട്. കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ പണം ഈടാക്കി ടെലഗ്രാം ചാനലുകളിലൂടെയാണ് കൈമാറുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും, ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് അന്വേഷണ റിപ്പോർട്ട്. വിവിധ എക്സ് അക്കൗണ്ടുകളിൽ തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകൾ മാത്രമുള്ള 'ട്രെയ്‌ലർ' എന്ന പേരിൽ വിവിധ എക്സ് അക്കൗണ്ടുകളിൽ പങ്കുവെക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്‌താൽ അതിൽ തന്നെ നിരവധി സബ് ചാനലുകളും കാണാൻ കഴിയും. തുടർന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത്.
പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസി ടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാൻ കഴിയുന്നുണ്ട്. ചില ദൃശ്യങ്ങളിൽ കൈരളി എൽ 3 എന്ന വാട്ടർമാർക്കും, ചിലതിൽ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎൽ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്.
ഹോസ്പിറ്റൽ സിസിടിവി ദൃശ്യങ്ങളും ചോരുന്നു?
തിയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇതുവരെ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന വിവരമാണ് അറിയാൻ കഴിയുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് അവർക്ക് അറിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്എഫ്ഡിസി തിയേറ്ററുകളിൽ സിസി ടിവി സ്ഥാപിച്ചത് കെൽട്രോൺ ആണെന്നും, അത്തരം ദൃശ്യങ്ങൾ പുറത്തുപോവാൻ വഴിയില്ലെന്നും തിയേറ്റർ അധികൃതർ പറയുന്നു. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കപ്പെടുന്നുണ്ടെന്നാണ് ദി ന്യൂസ് മിനിറ്റ് പറയുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ന പേരിൽ സ്ഥാപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ഇത്തരത്തിൽ സോഫ്റ്റ് പോൺ വിഭാഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്.



