പാട്ടിലെ ചില പ്രയോഗങ്ങൾ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണെന്നാണ് വിവാദം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി

ചെന്നൈ: കമൽഹാസന്‍റെ (Kamal Haasan) പുതിയ സിനിമയായ വിക്രത്തിലെ (Vikram) ഗാനത്തെച്ചൊല്ലി വിവാദം. പാട്ടിലെ ചില പ്രയോഗങ്ങൾ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണെന്നാണ് വിവാദം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. തുടർന്ന് പാട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ഒരാൾ പരാതിയും നൽകിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട പാട്ട് എഴുതിയത് കമൽ ഹാസൻ തന്നെയാണ്. കമൽ ഹാസനും അനിരുദ്ധും ചേർന്നാണ് പാടിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ പാട്ട് യുട്യൂബിൽ ഇതിനകം ഒന്നര കോടിയിലേറെപ്പേരാണ് കണ്ടത്. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മലയാളത്തിൽ നിന്ന് നരേൻ, ചെമ്പൻ വിനോദ്, ആന്‍റണി വർഗ്ഗീസ്, കാളിദാസ് ജയറാം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് നേരത്തെ സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.

വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

YouTube video player

എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. അതേസമയം, കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയൻ.

കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്.