ഇരുവര്‍ക്കുമിടയില്‍ തുടക്കത്തിലുണ്ടായിരുന്ന സൌഹൃദത്തില്‍ പിന്നീട് വിള്ളല്‍ വീണിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ സൌഹൃദങ്ങളില്‍ ഒന്നായിരുന്നു റെനീഷയ്ക്കും സെറീനയ്ക്കും ഇടയില്‍ ഉണ്ടായിരുന്നത്. മറ്റൊരു മത്സരാര്‍ഥിയായ അഞ്ജൂസ് റോഷ് കൂടി ചേര്‍ച്ച മൂവര്‍ സംഘമായാണ് സീസണിന്‍റെ തുടക്കത്തില്‍ പ്രേക്ഷകര്‍ ഇവരെ ശ്രദ്ധിച്ചത്. എന്നാല്‍ സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ സൌഹൃദത്തിന്‍റെ സ്ഥാനത്ത് അകല്‍ച്ചയാണ്. പല കാരണങ്ങളുമുണ്ടായി അതിന്. ഇന്ന് ഗ്രാന്‍ഡ് ഫിനാലെ വേദിയിലും ഇരുവരുടെയും സൌഹൃദം ചര്‍ച്ചയായി.
സീസണ്‍ 5 ലെ സൌഹൃദ നിമിഷങ്ങള്‍ കോര്‍ത്ത ഒരു വീഡിയോ മോഹന്‍ലാല്‍ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും കാട്ടിയിരുന്നു. പിന്നാലെ സുഹൃത്തുക്കളായവരോട് അതേക്കുറിച്ച് ചോദിച്ചു. സെറീനയോട് എന്തെങ്കിലും പറയാന്‍ തോന്നുന്നുവോ എന്ന് റെനീഷയോട് മോഹന്‍ലാല്‍ ചോദിച്ചു. റെനീഷയുടെ മറുപടി ഉടന്‍ വന്നു- "പുറത്തിറങ്ങിയിട്ട് സംസാരിക്കാം. കുറേ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കണം. നല്ല ബന്ധങ്ങള്‍ എപ്പോഴും നമുക്ക് നല്ലതാണ് സര്‍", റെനീഷ പറഞ്ഞു.
ഇതിന് എന്താണ് മറുപടി എന്നും തുടര്‍ന്ന് സെറീനയോട് മോഹന്‍ലാല്‍ ചോദിച്ചു- "ദുബൈ ചോക്ലേറ്റ്സ് അല്ലേ? വന്നിട്ട് കാണാം സര്‍", എന്ന് ഉറച്ച ശബ്ദത്തില്‍ സെറീന പറഞ്ഞു. ആ മറുപടിയുടെ വ്യംഗ്യാര്‍ഥം മനസിലാക്കി ചിരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ഫിനാലെ വീക്കിന് മുന്‍പായി നടന്ന ഫാമിലി വീക്കില്‍ എല്ലാവരുടെയും കുടുംബാംഗങ്ങള്‍ വന്ന കൂട്ടത്തില്‍ റെനീഷയുടെ കുടുംബവും എത്തിയിരുന്നു. ചേട്ടനും അമ്മയുമാണ് എത്തിയത്. പോകുന്നതിന് മുന്‍പ് സെറീനയുമായുള്ള ബന്ധം അത്ര നല്ലതല്ലെന്ന് ചേട്ടന്‍ സൂചിപ്പിച്ചു. ദുബൈ ചോക്ലേറ്റ് അത്ര നല്ലതല്ല, അധികം കഴിക്കേണ്ട എന്നാണ് ചേട്ടന്‍ റെനീഷയോട് പറഞ്ഞത്. താന്‍ പോയിട്ട് പിന്നീട് ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പറഞ്ഞു. ഇത് മനസിലാക്കിയ റെനീഷ സെറീനയില്‍ നിന്ന് അകലുന്നതും തുടര്‍ ദിനങ്ങളില്‍ പ്രേക്ഷകര്‍ കണ്ടു.
ALSO READ : 'ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു'; ഫിനാലെ വേദിയില്‍ മോഹന്‍ലാലിനോട് ശോഭ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച് 'മാരാർ തരംഗം': വീഡിയോ

