അജഗജാന്തരത്തിന് ശേഷമുള്ള ടിനു പാപ്പച്ചന്‍ ചിത്രം

ചോക്ലേറ്റ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ ജനഹൃദയങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ പിന്നീട് ആ ഇമേജ് അദ്ദേഹത്തിലെ നടന് ഒരു ഭാരമായും മാറി. കരിയറിന്‍റെ ഈ അടുത്ത ഘട്ടത്തില്‍ അത് തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിച്ചാണ് കുഞ്ചാക്കോ ബോബന്‍റെ യാത്ര. സ്ഥിരം പാറ്റേണ്‍ വിട്ടുള്ള അദ്ദേഹത്തിന്‍റെ പല പരീക്ഷണങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ആ നിരയിലേക്ക് ഒരു പുതിയ ചിത്രവും എത്തുകയാണ്. ചാവേര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആണ്. 

സൂപ്പർ ഹിറ്റ് ആയ അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബനൊപ്പം ആന്‍റണി വർഗീസും അര്‍ജുൻ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ലുക്ക് ഔട്ട് നോട്ടീസിന്‍റെ മാതൃകയില്‍ ചിത്രത്തിന്‍റെ പരസ്യ നോട്ടീസ് എത്തിയിരുന്നു. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്. ഇപ്പോഴിതാ അശോകൻ പ്രേക്ഷകരുടെ കൺമുന്നിലേക്ക് മറനീക്കി എത്തിയിരിക്കുകയാണ്. ചാവേറിലെ ചാക്കോച്ചന്‍റെ ഞെട്ടിക്കുന്ന ലുക്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ അശോകനായി മാറിയിരിക്കുന്നത്.

മലയാളത്തിലെ ഒരു വ്യത്യസ്ത ത്രില്ലർ സിനിമയാകാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന സൂചന തരുന്നതായിരുന്നു സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ടീസറും. കത്തിയെരിയുന്ന കാട്ടിൽ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്നൊരു ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ് ചാക്കോച്ചന്‍റെ അശോകൻ എന്ന കഥാപാത്രവും പിന്നാലെ ഒരു തെയ്യക്കോലവും. മുമ്പേ ഓടിയയാളെ അശോകൻ അക്രമിക്കുന്നതായിരുന്നു ടീസറിലുണ്ടായിരുന്നത്. 

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ & മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ALSO READ : അവര്‍ വീണ്ടും ഹൗസിലേക്ക്; ഫിനാലെ വീക്കില്‍ അടുത്ത സര്‍പ്രൈസുമായി ബിഗ് ബോസ്

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം, part 2 |Vishnu Joshi Interview